തോമസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം അനുവദിക്കണം മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

വയനാട് പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ മരിച്ച ആലക്കല്‍ പള്ളിപ്പുറത്ത് തോമസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തോമസിന്റെ ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നൽകണം. ആ കുടുംബത്തിന്റെ എല്ലാ വായ്പാകുടിശ്ശികകളും സര്‍ക്കാര്‍ ഏറ്റെടുക്കണം.

തോമസിന്റെ വീട്ടിൽ താൻ സന്ദർശനം നടത്തിയിരുന്നു. തോമസിന്റെ മരണം കടുത്ത ആഘാതമാണ് കുടുംബത്തിന് ഏല്‍പ്പിച്ചിട്ടുള്ളത്.തോമസിന് കൃത്യമായ പ്രാഥമികചികിത്സ ഉറപ്പാക്കുന്നതിനുപോലും മാനന്തവാടി മെഡിക്കല്‍ കോളേജിന് സാധിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

കടുവ ഉള്‍പ്പെടെയുള്ള വന്യ ജീവികളുടെ ആക്രമണം ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ജനങ്ങളാകെ കടുത്ത ഭീതിയിലാണ്. മുന്‍പൊരിക്കല്‍പ്പോലും വന്യമൃഗശല്യം നേരിടാത്ത പ്രദേശങ്ങളിലെ ജനങ്ങളും വളര്‍ത്തുമൃഗങ്ങളും അവയുടെ നിരന്തരമായ ആക്രമണത്തിന് ഇരയാകുന്ന അവസ്ഥയാണിന്നുള്ളത്. കൃഷിക്കാര്‍ക്കോ, തൊഴിലാളികള്‍ക്കോ തൊഴിലിടങ്ങളില്‍ ഭയരഹിതമായി ജോലി ചെയ്യാന്‍പോലും സാധിക്കുന്നില്ല. ഓരോ നിമിഷവും മരണത്തെ മുന്നില്‍ കണ്ടാണ് അവര്‍ ജീവിക്കുന്നത്.

ഈ പ്രദേശത്തെ രൂക്ഷമായ വന്യമൃഗല്യം തടയുന്നതിനോ, ശാസ്ത്രീയമായ മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോ സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കാത്തതിലും ജനങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

നിരന്തരമായ വന്യമൃഗ ശല്യവും, കടുവാ ആക്രമണ ഭീഷണിയും കാരണം ഈ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും, പിരിമുറുക്കവും പരിഹരിക്കുന്നതിന് ഇവിടത്തെ ജനങ്ങള്‍ക്ക് പ്രത്യേക കൗണ്‍സലിംഗ് നല്‍കണമെന്നും, വിദഗ്ധചികിത്സ ഉറപ്പാക്കാന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും, കാര്യക്ഷമമാക്കുന്നതിനുമുളള അടിയന്തരനടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave Comment