ഇന്‍ഫാം കര്‍ഷകദിനാചരണവും ഭിന്നശേഷി അവാര്‍ഡു വിതരണവും

Spread the love

വാഴക്കുളം: നിലനില്‍പ്പിനായി കര്‍ഷകര്‍ സംഘടിച്ചു നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്‍ഫാം മുന്‍ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കര്‍ഷക ദിനാചരണം വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ അറയ്ക്കല്‍. കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ഷകര്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹം ഏതെല്ലാം തരത്തില്‍ ദ്രോഹിക്കപ്പെടുന്നുണ്ടോ അതെല്ലാം കര്‍ഷകര്‍ ഏറ്റുവാങ്ങുകയാണ്. പ്രാദേശിക തലത്തില്‍ നിന്ന് ആഗോള കാഴ്ചപ്പാടോടുകൂടി ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ വരും നാളുകളില്‍ വന്‍ പ്രതിസന്ധിയാവും കര്‍ഷകര്‍ നേരിടേണ്ടി വരിക എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.ദേശീയ ചെയര്‍മാന്‍ റവ.മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.കോതമംഗലം രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു.

രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍ കുന്നേല്‍,ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.അഡ്വ.വി.സി സെബാസ്റ്റ്യന്‍,ദേശീയ സെക്രട്ടറി ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍,ദേശീയ വൈസ് ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി,ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടിയില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിളളില്‍, കോതമംഗലം കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ.റോബിന്‍ പടിഞ്ഞാറേക്കൂറ്റ്, പ്രസിഡന്റ് റോയി വള്ളമറ്റം, സിസ്റ്റര്‍ ബിജി റോസ്, ദേശീയ സെക്രട്ടറി ജോസഫ് കാര്യാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഫാം ദേശീയ ട്രസ്റ്റിയായിരുന്ന അഡ്വ.ഡോ.എം.സി ജോര്‍ജ് മെമ്മോറിയല്‍ ഭിന്നശേഷി കര്‍ഷക അവാര്‍ഡ് വിതരണവും യോഗത്തോടനുബന്ധിച്ചു നടത്തി.

Author