നഴ്സുമാരെ ബെൽജിയം വിളിക്കുന്നു, ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ പറക്കാം

Spread the love

കൊച്ചി: യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം. യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപന്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളത്തെ ലൂർദ് ആശുപത്രിയും വഴിയൊരുക്കുന്നു. ബെല്ജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി ചേർന്നുള്ള ‘അറോറ’ പദ്ധതിയുടെ ഭാഗമായാണ് നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് ആറു മാസം ദൈർ ഖ്യമുളള ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി നല്കും. ഇതോടൊപ്പം പ്രതിമാസം 11,000 രൂപ സ്റ്റൈപന്റും നൽകും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം 2023 ഫെബ്രുവരിയിൽ ആരംഭിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി നേരത്തെ പരിശീലനം പൂർത്തിയാക്കിയ 37 നഴ്സുമാർ ജനുവരി 20ന് ബെല്ജിയത്തിലേക്ക് തിരിച്ചു. ഈ നഴ്സുമാർക്ക് ലൂർദ് ആശുപത്രിയിൽ യാത്രയയപ്പും നല്കി. ചടങ്ങിൽ ഒഡെപെക് ചെയർമാൻ അഡ്വ കെ പി അനില്കുമാർ അധ്യക്ഷത വഹിച്ചു. ഒഡെപെക് മാനേജിങ് ഡയറക്ടർ അനൂപ് കെ എ, ലൂർദ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ആൻഡ് സീ ഇ ഓ ഫാദർ ഷൈജു അഗസ്റ്റിൻ തോപ്പിൽ, ലൂർദ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ജോർജ് സെക്വെര, ലൂർദ് ഇൻസ്റ്റിട്യൂഷൻസ് എച്ച് ആർ മേധാവിയും അറോറ പ്രൊജക്ട് മാനേജറുമായ അന്ന സിജി ജോർജ് എന്നിവർ സംസാരിച്ചു. ആദ്യ ബാച്ചിലെ 22 നഴ്സുമാർ പരിശീലനം പൂർത്തിയാക്കി ഇപ്പോൾബെൽജിയത്തിൽ ജോലി ചെയ്തുവരുന്നു.

PHOTO CAPTION: തിരഞ്ഞെടുക്കപ്പെട്ട നേഴ്സുമാർക്കൊപ്പം മുൻനിരയിൽ : ലൂർദ് എച് ആർ മാനേജർ ശ്രീ അന്ന സിജി ജോർജ്, ലൂർദ് ആശുപത്രിയുടെ അസ്സോസിയേറ്റ് ഡയറക്ടർ ഫാ . ജോർജ് സെഖ്വേര, ഒഡെപെക് ചെയർമാൻ അഡ്വ കെ പി അനില്കുമാർ, ലൂർദ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ആൻഡ് സീ ഇ ഓ ഫാ ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഒഡെപെക് മാനേജിങ് ഡയറക്ടര് അനൂപ് കെ എ.

Report :  Asha Mahadevan

Author