സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

Spread the love

ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ജനുവരി 24ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് പ്രകാശനം, ഉണർവ് പദ്ധതി പ്രഖ്യാപനം, പോക്സോ സർവൈവറേസ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാർട്ടം ഡിപ്രഷൻ സാധ്യത പഠനം പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠനം പ്രഖ്യാപനം, ഏർളി മാര്യേജ് പഠനം പ്രഖ്യാപനം, സിറ്റ്വേഷണൽ അനാലിസിസ് ഓഫ് വിമൻ ഇൻ കേരള എന്ന വിഷയത്തിലെ പഠന പ്രഖ്യാപനം എന്നിവയും ഇതോടൊപ്പം നടക്കും.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് പോഷ് കംപ്ലയൻസ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും നിയമസഹായവും വൈദ്യ സഹായവും നൽകുന്ന പ്രൊവൈഡിംഗ് സെന്ററുകൾ, ഷെൽട്ടൽ ഹോമുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിച്ചാണ് ഉണർവ് പദ്ധതി നടപ്പിലാക്കുന്നത്. പോസ്‌കോ അതിജീവിതരായ കുട്ടികളുടെ മാനസികാഘാതം ലഘൂകരിച്ച് പിന്തുണ നൽകുന്നതിനാണ് പോക്സോ സർവൈവേഴ്സ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. പ്രസവാനന്തര വിഷാദ രോഗത്തിന്റെ തീവ്രത കണ്ടെത്തുന്നതിനാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ സാധ്യത പഠനവും പ്രഖ്യാപനവും.

സമൂഹത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമെന്ന ലക്ഷ്യപ്രാപ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ജനുവരി 24 ന് ദേശീയ ബാലികാദിനമായി ആചരിക്കുന്നത്.

Author