ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി നടത്തുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 28-ന് ഫ്ലോറൽ പാർക്കിൽ

Spread the love

ന്യൂയോർക്ക്: ന്യൂയോർക്ക് പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിലും അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ന്യൂയോർക്കിലെ ഫ്ലോറൽപാർക്കിലുള്ള ടൈസൺ സെന്ററിൽ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 5:30-ന് വിവിധ കലാപരിപാടികളോടെ അതി വിപുലമായി നടത്തുന്നു. പ്രസിഡൻറ് ഈപ്പൻ ജോർജിൻറെ നേതൃത്വത്തിലുള്ള ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസ് ഏതാനും മാസങ്ങൾക്കു മുൻപ് ഇതേ വേദിയിൽ വച്ച് നടത്തിയ ഫിലിം അവാർഡ് ദാനവും മൾട്ടി-എത്നിക് കലാപരിപാടികളും വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇത്തവണ സമൂഹത്തിലെ മുൻ നിര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തിൽ 73 വർഷം പൂർത്തിയാക്കി എഴുപത്തിനാലാമത്‌ വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം മനോഹര കലാപരിപാടികളോടെ നടത്തുവാനാണ് സംഘാടകർ ക്രമീകരണം ചെയ്യുന്നത്.

അമേരിക്കയിലെ കുടിയേറ്റക്കാരായ 38 രാജ്യങ്ങളിലെ വംശജരെ ഉൾപ്പെടുത്തി ചിക്കാഗോയിൽ ഡോ. വിജയ് പ്രഭാകറിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷൻറെ (American Multi-Ethnic Coalition – AMEC) ന്യൂയോർക്ക് ശാഖയും ഈ റിപ്പബ്ലിക് ദിനാഘോഷത്തിന് ഡബ്ല്യൂ.എം.സി.യോടൊപ്പം കൈകോർത്ത് പങ്കെടുക്കുന്നു. സാമൂഹിക പ്രവർത്തകനായ കോശി തോമസ് ചെയർമാനായുള്ള AMEC ന്യൂയോർക്ക് ശാഖ ഇതിനോടകം ലോങ്ങ് ഐലൻഡ് സമൂഹത്തിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

ആഫ്രിക്കയിലെയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും ജമൈക്കയിലെയും ഇന്ത്യയിലെയും വിവിധ കലാപരിപാടികൾ മലയാളീ സമൂഹത്തിനു മുൻപിൽ കാഴചവച്ച കോശി തോമസ് AMEC-ലൂടെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിലും വിവിധ രാജ്യങ്ങളുടെ കലാ പരിപാടികൾ ക്രമീകരിക്കുന്നു. AMEC സ്ഥാപക ചെയർമാൻ ഡോ. വിജയ് പ്രഭാകറും ടീം അംഗങ്ങളും ചിക്കാഗോയിൽ നിന്നും ശനിയാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ന്യൂയോർക്കിൽ എത്തിച്ചേരുന്നുണ്ടെന്ന് കോശി തോമസ് പ്രസ്താവിച്ചു.

വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് ചെയർമാൻ വർഗീസ് എബ്രഹാം (രാജു), പ്രസിഡൻറ് ഈപ്പൻ ജോർജ്, സെക്രട്ടറി ജെയിൻ ജോർജ്, ഡബ്ല്യൂ.എം.സി. ഭാരവാഹികളായ ഷാജി എണ്ണശ്ശേരിൽ, ബിജു ചാക്കോ, പോൾ ചുള്ളിയിൽ, ലീലാമ്മ അപ്പുക്കുട്ടൻ, സിസിലി പഴയമ്പള്ളി, ബിജോയ്, അജിത്കുമാർ, അലക്സ്, അമേരിക്കൻ മൾട്ടി എത്നിക് ന്യൂയോർക്ക് ചാപ്റ്റർ ചെയർമാൻ കോശി തോമസ്, വൈസ് ചെയർമാൻ മാത്യുക്കുട്ടി ഈശോ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ശനിയാഴ്ചത്തെ പരിപാടികളുടെ ക്രമീകരണങ്ങളെപ്പറ്റി വിശദമായ അവലോകനം നടത്തി. രാജു ജോസഫ് നിർമ്മിച്ച “ഇൻ ദി നെയിം ഓഫ് ദി ഫാദർ” (In The Name Of The Father) എന്ന സിനിമയുടെ പ്രൊമോഷനും അഭിനേതാക്കളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുന്നു. ശനിയാഴ്ച വൈകിട്ട് 5:30-ന് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങൾക്ക് : ഷാജി എണ്ണശ്ശേരിൽ – 917-868-6960; ഈപ്പൻ ജോർജ് – 718-753-4772; കോശി തോമസ് – 347-867-1200 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Report :  മാത്യുക്കുട്ടി ഈശോ

Author