മന്ത്രിസഭാ തീരുമാനങ്ങൾ(01.02.2023)

Spread the love

*വർക്ക് നിയർ ഹോം സെന്ററുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം*

സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിന് തത്വത്തിൽ അം​ഗീകാരം നൽകി. കേരളത്തിൽ പ്രവർത്തിക്കുന്ന ഐ ടി / ഐ ടി ഇ എസ് മേഖലയിലെ ജീവനക്കാരുടെ പ്രവർത്തന സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കേരളത്തിന് പുറത്തുള്ള കമ്പനികളെയും ജീവനക്കാരെയും ആകർഷിക്കാൻ പദ്ധതി വഴി സാധിക്കും.

നിലവിലെ മൂന്നു സർക്കാർ ഐടി പാർക്കുകളിൽ നിന്ന് അകലെയായി ആ സ്ഥലത്തെ ഇപ്പോഴത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അയ്യായിരം മുതൽ അൻപതിനായിരം വരെ ചതുരശ്ര അടി വിസ്തൃതിയിൽ ഐടി സ്പെയിസുകൾ സജ്ജീകരിക്കുന്നതാണ് നിർദ്ദിഷ്ട വർക്ക് നിയർ ഹോം മാതൃക. പ്ലഗ് & പ്ലേ ഓഫീസ്, കോവർക്കിംഗ് സ്പെയിസ്, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് റൂം, ട്രെയിനിങ് റൂം, കോഫി ലോഞ്ച് / റസ്റ്റോറന്റ്, സീംലെസ് ഇൻറർനെറ്റ് കണക്ടിവിറ്റി – വയേർഡ് വൈഫൈ, അൺ ഇൻ്ററപ്റ്റഡ് പവർ സപ്ലൈ, എയർകണ്ടീഷൻ, വീഡിയോ/ ഓഡിയോ കോൺഫറൻസ് ഫെസിലിറ്റി, വയർലെസ് പ്രിൻറർ, സ്കാനർ എന്നിവയോടുകൂടിയ ഫ്രണ്ട് ഡെസ്ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവയലൻസ് & സെക്യൂരിറ്റി എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . W Room എന്നറിയപ്പെടുന്ന പ്രസ്തുത കേന്ദ്രങ്ങൾ കാഴ്ചയിലും അനുഭവത്തിലും സമാനമായിരിക്കും.

*വൺ‌ ആന്റ് ദി സെയിം സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമം ലഘൂകരിച്ചു*

കേരള സർക്കാരുമായി ബന്ധപ്പെട്ട ഓഫീസുകളിൽ വ്യക്തിയുടെ സത്യപ്രസ്താവന ​ഗസറ്റഡ് പദവിയിലുള്ള ഉ​ദ്യോ​ഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകുന്നത് വൺ‌ ആന്റ് ദി സെയിം സർട്ടിഫിക്കറ്റിന് (one and the same certificate) പകരമായി ഉപയോ​ഗിക്കാം. അപേക്ഷകൻ ആവശ്യപ്പെട്ടാൽ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നത് തുടരും.

*കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട് നിർമ്മിച്ച് നൽകും*

കീഴടങ്ങിയ വയനാട് സ്വദേശി മാവോയിസ്റ്റ് രാമു എന്ന ലിജേഷിന് പുനരധിവാസ പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകും. അനുയോജ്യമായ സ്ഥലം എറണാകുളം ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടറുമായി കൂടിയാലോചിച്ച് കണ്ടെത്താൻ മന്ത്രിസഭായോ​ഗം നിർദേശം നൽകി. സ്ഥലം കണ്ടെത്തിയ ശേഷം വീട് നിർമ്മിക്കുന്നതിന് എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നിർമ്മാണ പുരോ​ഗതി വിലയിരുത്തുന്നതിന് കളക്ടർ, ജില്ലാ പോലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നൽകും. സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കുന്നതിന് പരമാവധി 15 ലക്ഷം രൂപ അനുവദിക്കും. 28.05.2018ന് ഇറങ്ങിയ ഉത്തരവ് പ്രകാരം കേരളത്തിലെ മാവോയിസ്റ്റ് കേഡറുകൾക്കായി കീഴടങ്ങൽ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കീഴടങ്ങിയ ലിജേഷിന് ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.

*പ്രോജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻ്റായി കെ- റെയിൽ കോർപ്പറേഷൻ*

സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൻ്റെ അവശേഷിക്കുന്ന പ്രവർത്തനങ്ങളുടെ വിശദ പദ്ധതി രേഖ (ഡി പി ആർ) തയ്യാറാക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിനും പ്രോജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻ്റായി കെ- റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ തിരഞ്ഞെടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും മുൻപുള്ള പി എം സിയായ M/s IPE Global Limited & JLL തമ്മിലുള്ള കരാർ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രോജക്റ്റ് മാനേജ്മെൻറ് കൺസൾട്ടൻ്റ് ആയി കേന്ദ്ര – സംസ്ഥാന സർക്കാരുടെ സംയുക്ത പൊതു മേഖലാ സ്ഥാപനമായ കെ- റെയിൽ ഡെവലപ്പ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിനെ തീരുമാനിച്ചിരിക്കുന്നത്.

*സ്പോർട്സ് താരങ്ങൾക്ക് നിയമനം*

പൊതു വിദ്യാഭ്യാസ വകുപ്പിൽ താൽക്കാലിക നിയമനം ലഭിച്ച കായിക താരങ്ങൾക്ക് ആവശ്യമായ താൽക്കാലിക തസ്തികളും സൂപ്പർ ന്യൂമററി തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചു. ആക്ടീവ് സ്പോർട്സിൽ നിന്ന് വിരമിച്ച 16 കായിക താരങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നേരത്തെ നൽകുകയുണ്ടായി. ഇതിൽ ക്രൈം കേസിൽ പെട്ട ഒരാൾ ഒഴികെ 15 പേരെ ഉൾക്കൊള്ളിക്കുന്നതിന് വേണ്ടി സ്ഥിരം ഒഴിവ് ഉണ്ടാകുന്നത് വരെയോ പരമാവധി ഒരു വർഷത്തേയ്ക്കോ പൊതു വിദ്യാഭ്യാസ വകുപ്പിൽ 15 ക്ലാർക്ക് തസ്തികകൾ താൽക്കാലിക അടിസ്ഥാനത്തിൽ സൃഷ്ടിക്കാൻ അനുമതി നൽകും. ആക്ടീവ് സ്പോർട്സിൽ തുടരുന്ന മൂന്ന് പേർക്ക് നിലവിൽ അവരെ നിയമിച്ച ഓഫീസുകളിൽ സൂപ്പർ ന്യൂമററി തസ്തികകൾ സ്യഷ്ടിക്കാനും തീരുമാനിച്ചു.

*നിരാക്ഷേപപത്രം നൽകും*

കെൽട്രോണും ക്രാസ്റ്റി ഡിഫൻസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന് ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി സർക്കാരിന്റെ നിരാക്ഷേപപത്രം നൽകാൻ തീരുമാനിച്ചു.

*കിഫ്ബിയിൽ ലീ​ഗൽ യൂണിറ്റ്*

കിഫ്ബിയിൽ ലീ​ഗൽ യൂണിറ്റ് രൂപീകരിച്ച് നിയമ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉദ്യോ​ഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ലീ​ഗൽ ഓഫീസറും ഒരു ലീ​ഗൽ അസിസ്റ്റന്റും അടങ്ങുന്ന ലീ​ഗൽ യൂണിറ്റാണ് രൂപീകരിക്കുക.

*ടൈപ്പിസ്റ്റ് തസ്തികയിൽ ശമ്പള പരിഷ്ക്കരണം*

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അപ്​ഗ്രേഡ് ചെയ്യപ്പെട്ട എട്ട് യുഡി ടൈപ്പിസ്റ്റ് തസ്തികകളിലെ ജീവനക്കാർക്ക് 10.02.2021ലെ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിലെ യുഡി ടൈപ്പിസ്റ്റ് തസ്തികയുടെ ശമ്പള സ്കെയിലായ 35,600-75,400 അനുവദിക്കാൻ തീരുമാനിച്ചു.

*ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങൾ നൽകും*

കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ 23 സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്ക്കരിച്ച് 11-ാം ശമ്പള പരിഷ്ക്കരണം ആനുകൂല്യങ്ങൾ നൽകും.

*പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്ക്കരിക്കും*

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്ക്കരിക്കും.

*കാലാവധി ദീർഘിപ്പിച്ചു*

പോലീസ് വകുപ്പിന്റെ പർച്ചേയ്സുകൾക്കും, സേവനങ്ങൾ സ്വീകരിക്കുന്ന കരാറുകൾക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ട വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച സി. എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ മൂന്നം​ഗ അന്വേഷണ കമ്മീഷന്റെ കാലാവധി 01.01.2023 മുതൽ 28.02.2023 വരെ രണ്ട് മാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് നൽകും.

Author