ഹെല്‍ത്ത് കാര്‍ഡ് വിതരണം കൈക്കൂലി വാങ്ങാനുള്ള സംവിധാനമാക്കി മാറ്റി – പ്രതിപക്ഷ നേതാവ്‌

Spread the love

ആരോഗ്യവകുപ്പില്‍ നിലനില്‍ക്കുന്നത് കൈയ്യിട്ട് വാരുന്ന അവസ്ഥ.

തിരുവനന്തപുരം : സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും ജനങ്ങള്‍ക്കിടയിലുണ്ടാക്കിയിരിക്കുന്ന ഉത്കണ്ഠ നിസാരമല്ല. റെസ്റ്ററന്റുകളില്‍ കയറുന്ന ആളുകളുടെ എണ്ണം പോലും പകുതിയായി കുറഞ്ഞിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകമാണ് പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്ത സംഭവമുണ്ടായത്. ഒരു പരിശോധനയും നടത്താതെയാണ് 300 രൂപ വാങ്ങി ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തത്. ഹെല്‍ത്ത് കാര്‍ഡ് വിതരണത്തെ കൈക്കൂലി വാങ്ങാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണ്. എവിടെ നിന്ന് കിട്ടിയാലും കൈയ്യിട്ട് വാരുന്ന അവസ്ഥയാണ് ആരോഗ്യവകുപ്പില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകനെ പതിനഞ്ച് മിനിട്ടോളം ക്രൂരമായി ആറ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന കാഴ്ച കണ്ടാല്‍ ചങ്ക് പൊട്ടിപ്പോകും. ഇതൊക്കെയാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ നടക്കുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പത്ത് വര്‍ഷം മുന്‍പുള്ള കാലവുമായാണ് ആരോഗ്യമന്ത്രി താരതമ്യം ചെയ്തത്. ലൈസന്‍സിംഗ് കാലതാമസം കൊണ്ട് അനുമതിയില്ലാതെയാണ് പല ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് എത്ര റെസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പോലും ഭക്ഷ്യ വകുപ്പിന് അറിയില്ല. 4 ജില്ലകളില്‍ തദ്ദേശ വകുപ്പ് ലൈസന്‍സ് നല്‍കിയ 348 സ്ഥാപനങ്ങളില്‍ 148 എണ്ണം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഡാറ്റാബേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജി.എസ്.ടി വകുപ്പിന്റെ പട്ടികയിലുള്ള 338 റെസ്റ്ററന്റുകളില്‍ 122 എണ്ണത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിഞ്ഞിട്ടു പോലുമില്ല. ആവശ്യമായ രേഖകളൊന്നും വാങ്ങാതെയാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ലൈസന്‍സുള്ള റെസ്റ്ററന്റുകളില്‍ 26 ശതമാനത്തിലും തട്ടുകടകളില്‍ 9 ശതമാനത്തിലും മാത്രമാണ് പരിശോധന നടക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ പരിശോധിക്കണമെന്നാണ് നിയമമെങ്കിലും അതും നടക്കാറില്ല.

അംഗന്‍വാടിയിലെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും അതില്‍ നിന്നും സാമ്പിള്‍ എടുത്തില്ല. നാലുമാസം കഴിഞ്ഞ് മറ്റൊരു ബാച്ചില്‍ നിന്നാണ് സാമ്പിള്‍ എടുത്തത്. പിന്നെ എങ്ങനെ കേസുകള്‍ നിലനില്‍ക്കും? ഭക്ഷ്യസുരക്ഷാ വകുപ്പില്‍ എന്തെല്ലാമാണ് നടക്കുന്നത്? 2013 -ല്‍ നിയമിച്ച 57 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ ക്രെഡിറ്റ് കൂടി ഇപ്പോഴത്തെ മന്ത്രി ഏറ്റെടുത്തു. 2011 -ല്‍ ചെയ്ത കാര്യങ്ങളല്ല 2023-ല്‍ നടത്തേണ്ടത്. മന്ത്രി പ്രഖ്യാപനം നടത്തിയ ശേഷമല്ല ആളെ പിടിക്കാന്‍ പോകേണ്ടത്. എത്ര പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നതിന്റെ കണക്ക് പോലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കയ്യിലില്ല. വിശ്വസിച്ച് ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.

ഹെല്‍ത്ത് കാര്‍ഡിന്റെ പേരില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയതിനെ മന്ത്രി നിയമസഭയില്‍ ന്യായീകരിച്ചത് അപമാനകരമാണ്. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവവും നിസഹകരണവും അതീവ ഗൗരവമാണ്.

Author