എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന – ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Spread the love

‘സ്‌കൂള്‍ ആരോഗ്യ പരിപാടി’

എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന

തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂള്‍ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരിക മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടല്‍ നടത്തുന്നു. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെ പ്രാഥമികതല യോഗം ചേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിന് ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖയുണ്ടാക്കുക. വിദ്യാഭ്യാസ കാലത്ത് തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 6 വയസ് മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് സ്‌കൂള്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കുക. ഇവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസം നല്‍കും. കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന വിളര്‍ച്ച, പോഷണകുറവ് തുടങ്ങി 30 രോഗാവസ്ഥകള്‍ കണ്ടുപിടിച്ച് സൗജന്യ ചികിത്സ ഉറപ്പാക്കുക, ശുചിത്വ പ്രോത്സാഹനം, ആര്‍ത്തവ സമയത്തെ നല്ല ഉപാധികളിലുള്ള അവബോധം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

സ്‌കൂളുകളും ആ സ്ഥലത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളും തമ്മില്‍ നിരന്തരം പ്രവര്‍ത്തന ബന്ധമുണ്ടാക്കും. ആരോഗ്യകരമായ പ്രോത്സാഹനം, ആരോഗ്യ സ്‌ക്രീനിംഗ്, അയണ്‍, വിര ഗുളികകള്‍ നല്‍കുക, വാക്‌സിനേഷന്‍ പ്രോത്സാഹനം എന്നിവയും ഇവരുടെ മേല്‍നോട്ടത്തില്‍ നടക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാഥമിക ചികിത്സയില്‍ പരിശീലനം നല്‍കും.

വിളര്‍ച്ച, പോഷണം, വൈകാരിക സുസ്ഥിതി, ബന്ധങ്ങള്‍ പരിപോഷിപ്പിക്കുക, മൂല്യങ്ങള്‍ സംരക്ഷിക്കുക, ലിംഗ സമത്വം, ഹെല്‍ത്ത് സാനിറ്റേഷന്‍, ലഹരി ഉപയോഗം തടയുക, വ്യായാമം പ്രോത്സാഹിപ്പിച്ച് ജീവിത ശൈലി രോഗങ്ങള്‍ തടയുക, എച്ച്.ഐ.വി. അവബോധം, അക്രമവാസനകളും അപകടങ്ങളും കുറയ്ക്കുക, ഇന്റര്‍നെറ്റ് സുരക്ഷിതമായി ഉപയോഗിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.

Author