നികുതിക്കൊള്ളയ്‌ക്കെതിരായ രാപ്പല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി

Spread the love

ബജറ്റിലെ ജനദ്രോഹ നികുതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും നികുതിക്കൊള്ളയില്‍ പ്രതിഷേധിച്ചും യുഡിഎഫ് സെക്രട്ടറിയേറ്റിനും മറ്റു ജില്ലകളില്‍ കളക്ട്രേറ്റിനും മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരം അവസാനിച്ചു.ആയിരങ്ങളാണ് സമരത്തില്‍ പങ്കാളികളായത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ ഫെബ്രുവരി 13ന് വൈകുന്നേരം യുഡിഎഫ് കണ്‍വീനര്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച രാപ്പകല്‍ സമരത്തിന്റെ സമാപന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിച്ചു.കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനും കോഴിക്കോട് കുഞ്ഞാലികുട്ടിയും കോട്ടയത്ത് മോന്‍സ് ജോസഫും ആലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ് ബാബുപ്രസാദും പാലക്കാട് വി.കെ.ശ്രീകണ്ഠന്‍ എംപിയും മലപ്പുറത്ത് കെപിഎ മജീദും രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു.യുഡിഎഫിന്റെ മുഴുവന്‍ നേതാക്കളും വിവിധ ജില്ലകളിലെ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തു. രമേശ് ചെന്നിത്തല തൃശ്ശൂരിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ കോട്ടയത്തും അനൂപ് ജേക്കബ് പത്തനംതിട്ടയിലും സിപി ജോണ്‍ എറണാകുളത്തും രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തിരുന്നു.

ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ പഞ്ചായത്ത് തലത്തില്‍ യുഡിഎഫ് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്‍ക്ക് ഉയര്‍ന്ന വില നല്‍കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ നികുതിക്കൊള്ളയുമായി ഇറങ്ങിയത്. കിട്ടാനുള്ള നികുതി പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ ജനത്തെ പിഴിയുന്നത്. യുഡിഎഫ് ആരംഭിച്ച ജനകീയ പ്രതിഷേധം യുവജന,വിദ്യാര്‍ത്ഥി,തൊഴിലാളി സംഘടനകളും ഘടകകക്ഷികളും ഏറ്റെടുക്കും.രാപ്പക്കല്‍ സമരം വിജയമാക്കിതീര്‍ത്ത യുഡിഎഫ് പ്രവര്‍ത്തകരെ കണ്‍വീനര്‍ അഭിനന്ദിച്ചു. സമരം ആരംഭിച്ച എല്ലായിടത്തും വന്‍ ജനപങ്കാളിത്തമായിരുന്നു. സ്ത്രീകളും പ്രായമായവരും ചെറുപ്പക്കാരും സമരം ഏറ്റെടുത്തു. സര്‍ക്കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരായ യുഡിഎഫ് പ്രതിഷേധ പരമ്പരകളുടെ തുടക്കം മാത്രമാണ് രാപ്പകല്‍ സമരം എന്നും ഹസ്സന്‍ വ്യക്തമാക്കി.

Author