ശിവശങ്കറിന്റെ അറസ്റ്റിലൂടെ പുറത്ത് വരുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂടിവയ്ക്കപ്പെട്ട അഴിമതികള്‍

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ഭയക്കുന്നതെന്തിന്?

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂടി വയ്ക്കപ്പെട്ട അഴിമതികള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. ഗള്‍ഫിലെ സ്ഥാപനത്തില്‍ നിന്നും കിട്ടയ 20 കോടിയില്‍ ഒന്‍പതേ കാല്‍ കോടി രൂപയാണ് കൈക്കൂലിയായി

നല്‍കിയത്. അതായത് കൈക്കൂലിയായി നല്‍കിയത് 46 ശതമാനം. ഇ.ഡി അന്വേഷിക്കുന്നത് ഇതില്‍ ഒരു കോടി രൂപയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ മാത്രമാണ്. ലൈഫ് മിഷന്‍ കോഴക്കേസിലെ കേന്ദ്ര ബിന്ദുവായ ശിവശങ്കറാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെങ്കില്‍ എന്തിനാണ് സി.ബി.ഐ അന്വേഷണം ഭയക്കുന്നത്. ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

നികുതിപ്പണത്തില്‍ നിന്നും കോടികള്‍ മുടക്കിയാണ് അഭിഭാഷകരെ നിയോഗിച്ചിരിക്കുന്നത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണം. പ്രതിപക്ഷവും ജനങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. എന്നിട്ടാണ് സൗകര്യമുള്ളപ്പോള്‍ വന്ന് ആറ് മണിക്ക് പത്രസമ്മേളനം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നയാളാണ് ആദ്യം സ്വര്‍ണക്കടത്തിലും ഇപ്പോള്‍ കോഴക്കേസിലും അറസ്റ്റിലായിരിക്കുന്നത്.

ജനങ്ങളുടെ തലയ്ക്ക് അടിക്കുന്നതു പോലെ നികുതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണ് അതേ നികുതിപ്പണം കോഴ കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നത്. ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഇ.ഡി അന്വേഷണത്തിനൊപ്പം സി.ബി.ഐ അന്വേഷണവും നടത്തണം. പണം കൊണ്ടു പോയ യാഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് കാടിളക്കി വന്ന അന്വേഷണങ്ങളെല്ലാം ഇപ്പോള്‍ മന്ദഗതിയിലായിരിക്കുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ പ്രധാനപ്പെട്ടവരൊക്കെ ഇതില്‍ പ്രതികളാകും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടിവരുമെന്ന ഘട്ടമായപ്പോഴാണ് ഇ.ഡി, സി.ബി.ഐ അന്വേഷണങ്ങള്‍ മരവിച്ചത്. ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി 20 കോടി രൂപ വന്നത് മുഖ്യമന്ത്രി അറിയാതെയല്ല. ഇപ്പോഴും വീടുണ്ടാക്കാന്‍ പാവങ്ങള്‍ കാത്തിരിക്കുകയാണ്. സത്യം അധികകാലം മൂടി വയ്ക്കാനാകില്ല. അത് പുറത്ത് വന്നു കൊണ്ടേയിരിക്കും.

സത്യഗ്രഹം മാത്രം അറിയാവുന്ന പ്രതിപക്ഷമെന്ന് പരിഹസിച്ച മുഖ്യമന്ത്രി ആരെ ഭയന്നാണ് 40 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്നത്? പോകുന്ന വഴിയെല്ലാം വിജനമായിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് പറയുന്നത് വെറുതെയാണ്. ഇതിനേക്കാള്‍ വലിയ സുരക്ഷാ ഭീഷണിയുള്ള പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും കേരളത്തിലൂടെ സഞ്ചരിച്ചിട്ടുണ്ടല്ലോ. അപ്പോഴൊന്നും റോഡരുകില്‍ നില്‍ക്കുന്നവരെ ഓടിക്കുകയോ കരുതല്‍ തടങ്കലില്‍ ആക്കുകയോ ചെയ്തിട്ടില്ല. കരുതല്‍ തടങ്കല്‍ പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനുള്ള എന്ത് അധികാരമാണ് സര്‍ക്കാരിനുള്ളത്? ഇതിനെതിരെ നിയമപരമായി മാര്‍ഗങ്ങള്‍ തേടും. ഒരു പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തിട്ടും ഉദ്യോഗസ്ഥനെതിരെയല്ല ഡി.സി.സി അധ്യക്ഷനെതിരെയാണ് കേസെടുത്തത്. അധികാരത്തിന്റെ അഹങ്കാരമാണ് കാട്ടുന്നത്. അതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും.

Author