അദാനി വിവാദം: ജെപിസി അന്വേഷണത്തെ മോദി ഭയപ്പെടുന്നുവെന്ന് എഐസിസി വക്താവ് രാജീവ് ഗൗഡ

Spread the love

അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി കുംഭകോണക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി(ജെപിസി) അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചത് ഭയപ്പാട് മൂലമാണെന്ന് എഐസിസി വക്താവ് രാജീവ് ഗൗഡ.കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി പല വന്‍കിട പദ്ധതികളും അദാനിക്ക് മാത്രമായി ക്രമപ്പെടുത്തി. വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്‍പ്പെടെ പൊതുമേഖ സ്ഥാപനങ്ങള്‍ അദാനിക്ക് വീതം വെച്ചു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ അദാനി പലപ്പോഴും അനുഗമിച്ചതിന്‍റെ ഫലമായി പ്രതിരോധ,ഉൗര്‍ജ്ജ മേഖലകളില്‍ ഉള്‍പ്പെടെ സഹസ്ര കോടികളുടെ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ട്.കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനം എന്തായെന്നും ഷെൽ കമ്പനികൾ ഉണ്ടാക്കി അദാനി കളളപ്പണം വെളുപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍റെ പൊതുമുതലുകള്‍ ചങ്ങാത്ത മുതലാളിമാര്‍ക്ക് കൊള്ളയടിക്കാന്‍ മോദി സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നു. ലോക സമ്പന്നരുടെ പട്ടികയില്‍ 609-ാം സ്ഥാനത്ത് നിന്ന അദാനി ചുരുങ്ങിയ കാലയളവില്‍ രണ്ടാം സ്ഥാനത്തെത്തിയത് മോദിയുടെ സഹായം കൊണ്ടാണ്. അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ചര്‍ച്ചയ്ക്ക് പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അവര്‍ പാര്‍ലമെന്‍റില്‍ ഇൗ വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും അദാനിക്കെതിരായ പ്രസംഗങ്ങള്‍ പോലും സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങളെ അസഹിഷ്ണുതയോടെയാണ് ഭരണകൂടം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങാത്ത മുതലാളിമാര്‍ക്ക് വേണ്ടിയുള്ള മോദിയുടെ ഭരണം ജനം തിരിച്ചറിയുന്നു. അദാനി ഗ്രൂപ്പിന് ഓഹരിവിപണിയിലെ തട്ടിപ്പിന് സൗകര്യമൊരുക്കിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി പറയാതെ ഒളിച്ചോടുന്നു.മോദിയുടെ ചങ്ങാത്ത മുതലാളിമാര്‍ നടത്തുന്ന ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അദാനി നടത്തിയ ഓഹരിവിപണിയിലെ തട്ടിപ്പിനാല്‍ ലക്ഷക്കണക്കിന് നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചു. ഇത്രയും വലിയ കുംഭകോണം നടന്നിട്ട് സെബിപോലുള്ള ഏജന്‍സികള്‍ നിശബ്ദമായാത് ഞെട്ടിക്കുന്നതാണ്. സാധാരണക്കാരുടെ നിക്ഷേപം കൊണ്ടുപ്രവര്‍ത്തിക്കുന്ന എല്‍ െഎ സിയെ അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ സമര്‍ദ്ദം ചെലുത്തിയതും കേന്ദ്ര സര്‍ക്കാരാണെന്നും മോദിയുടെ ഭരണകാലഘട്ടം അദാനിയുടെ സമ്പത്ത് ക്രമാതീതമായി വര്‍ധിച്ചെന്നും രാജീവ് ഗൗഡ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, ദീപ്തി മേരി വർഗീസ്, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു,ബിഎസ് ഷിജു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

Author