ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ ഇരയെക്കുറിച്ചുള്ള ചിന്ത കുറവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; ബോധിനി വെബ്സൈറ്റ് പ്രകാശനം ചെയ്തു

കൊച്ചി: ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ ഇരയെക്കുറിച്ചുള്ള ചിന്ത കുറവാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കുറ്റം തെളിയിക്കാനും കുറ്റവാളിയെ കണ്ടെത്താനും മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. ഈ പ്രക്രിയയില്‍ ഇരയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയായവരെ അതിജീവനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്ന ബോധിനി എന്ന സന്നദ്ധ സംഘടനയുടെ വെബ്സൈറ്റ് (www.bodhini.in) പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ഇത്തരം സാമൂഹ്യവിപത്തുകള്‍ക്കെതിരെ ബോധവല്‍കരണം ലക്ഷ്യമിട്ട് ബോധിനി തയ്യാറാക്കിയ റെക്കോര്‍ഡ് ചെയ്ത സെഷനുകളുടെ പ്രകാശനം സൈബര്‍ഡോം നോഡല്‍ ഓഫീസറും ഇന്റലിജന്‍സ് ഐജിയുമായ പി. പ്രകാശിന് കൈമാറിക്കൊണ്ട് വിജിലന്‍സ് എഡിജിപി മനോജ് എബ്രഹാം നിര്‍വഹിച്ചു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ മിക്കപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് മനോജ് എബ്രഹാം പറഞ്ഞു. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പോലീസ് സ്വമേധയാ എടുക്കുന്ന കേസുകളാണ് കൂടുതലുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകളുടെ പുനരധിവാസത്തില്‍ ബോധിനി പോലുള്ള സംഘടനകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുന്നുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍കരണ സെഷനുകള്‍ കൂടാതെ ബോധിനിയുടെ വെബ്‌സൈറ്റില്‍ വിവിധ തരത്തിലുള്ള വിവരങ്ങളും ലഭ്യമാണ്. നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്നും, ആരെയൊക്കെ സമീപിക്കണമെന്നും കൂടാതെ ആ പ്രശ്‌നങ്ങളെ അതിജീവിച്ചു ജീവിതത്തില്‍ എങ്ങനെ മുന്നോട്ടു പോകണമെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെയും സെഷനുകളിലൂടെയും ലഭിക്കുന്നതാണ്. സെഷനുകള്‍ക്കായി ബോധിനിയുടെയോ സൈബര്‍ ഡോമിന്റെയോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
സൈബര്‍ഡോം ഇമെയില്‍- [email protected]
ബോധിനി ഫോണ്‍- 8891320005
ഇമെയില്‍ :[email protected]

ഫോട്ടോ ക്യാപ്ഷന്‍- ബോധിനിയുടെ വെബ്‌സൈറ്റ് പ്രകാശനം ചെയ്ത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസാരിക്കുന്നു. പൂര്‍ണിമ ഇന്ദ്രജിത്, വിജിലന്‍സ് എഡിജിപി മനോജ് എബ്രഹാം, ഇന്റലിജന്‍സ് ഐജി പി. പ്രകാശ് എന്നിവര്‍ വേദിയില്‍.

Report : Vijin Vijayappan

Leave Comment