പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയത്തിനു പിന്നില്‍ ചതിക്കുഴി : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം : ബഫര്‍സോണിന്റെ പേരില്‍ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശവാസികളുടെ നിലവിലുള്ള പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയമെന്ന റവന്യൂവകുപ്പിന്റെ നീക്കത്തിനുപിന്നില്‍ വന്‍ ചതിക്കുഴിയുള്ളതായി സംശയിക്കപ്പെടുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വനഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ സംസ്ഥാന മന്ത്രിസഭ വനഭൂമിയില്‍ നിന്ന് ഈ പ്രദേശങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും വിജ്ഞാപനമിറക്കിയിട്ടില്ല, അതേസമയം സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും ഈ പ്രദേശങ്ങള്‍ വനഭൂമിയായി സമര്‍പ്പിച്ച രേഖകള്‍ നിലനില്‍ക്കുകയുമാണ്.

1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയംലഭിച്ച് കരമടച്ച് പതിറ്റാണ്ടുകളായി കൈവശംവെച്ചനുഭവിക്കുന്ന കൃഷിസ്ഥലവും ജനവാസമേഖലയും വനമായി രേഖകള്‍ സൃഷ്ടിച്ചത് വനം-റവന്യൂ വകുപ്പുകളുടെ ഗൂഢാലോചനയാണ്. കരമടച്ച്, കൈവശംവെച്ചനുഭവിക്കുന്ന ഭൂമിക്ക് ഇതിനോടകം സര്‍ക്കാര്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമെങ്കില്‍ ഉത്തരവാദി സര്‍ക്കാരാണ്. ഇതിന്റെ പേരില്‍ ജനങ്ങളെ ക്രൂശിക്കരുത്. ഈ പ്രദേശങ്ങള്‍ വനഭൂമിയില്‍ നിന്നൊഴിവാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമാണ് അടിയന്തരമായി വേണ്ടത്. കോടതി വിധിപ്രകാരം കരമടച്ച് രേഖയുള്ള ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് റദ്ദ്‌ചെയ്യുമ്പോള്‍ ഈ പ്രദേശത്ത് വനത്തിന്റെ അവകാശം സ്ഥാപിക്കപ്പെടും. ഭൂരഹിതര്‍ക്കുള്ള പുതിയ പട്ടയം ഭാവിയില്‍ പ്രദേശവാസികളെ വലിയ അപകടത്തിലേയ്ക്ക് വലിച്ചെറിയും. പുതിയ പട്ടയം സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്നത് നിലവിലുള്ള രേഖകള്‍ പ്രകാരം വനഭൂമിയിലായിരിക്കും. വനംഭൂമിയില്‍ റവന്യൂ വകുപ്പ് എങ്ങനെ പട്ടയം നല്‍കുമെന്ന ചോദ്യം നാളെ ഉയരുമെന്നുറപ്പാണ്. പ്രദേശവാസികളെ കേള്‍ക്കാതെ പട്ടയം റദ്ദ്‌ചെയ്യുന്നതും നിയമവിരുദ്ധമാണ്. നിലവിലുള്ള പട്ടയത്തിന്റെ അടിസ്ഥാനത്തില്‍ കരമടയ്ക്കാനുള്ള അവസരം കോടതി വ്യവഹാരത്തിലൂടെ നേടിയെടുത്തത് അട്ടിമറിച്ച് പുതിയ ഭൂരഹിതപട്ടയമെന്ന ഉദ്യോഗസ്ഥ അടവുതന്ത്രം വിലപ്പോവില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ രേഖകളില്‍ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ വനപ്രദേശമെന്നതൊഴിവാക്കി വിജ്ഞാപനമിറക്കാന്‍ നടപടികളുണ്ടാവുകയാണ് വേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി ജനറല്‍, ഇന്‍ഫാം
+91 70126 41488

 

Author