വേദന കലാവിഷ്‌കാരത്തിൽ ആവാഹിച്ച് ബിനാലെയിൽ നീർജ കോത്താരി

Spread the love

കൊച്ചി: “വേദനയിൽ സാന്ത്വനവും അതിൽനിന്നുള്ള രക്ഷാമാർഗവുമായി സർഗാത്മകതയെ കാണുന്ന എന്നെപ്പോലൊരു ആർട്ടിസ്റ്റിന് ഓരോദിവസവും കഠിനതരവും പിടച്ചിലിന്റേതുമാണ്. ഇപ്പോൾ വേദന ജീവിതത്തിന്റെ ഭാഗമാക്കി അതിനൊപ്പം ഞാൻ ജീവിക്കുന്നു. കല ആവിഷ്‌കരിക്കുകയെന്നത് അഭയതാവളമാക്കി എന്നെത്തന്നെ പരിചരിക്കുകയെന്ന മുഴുസമയ ജോലിയിൽനിന്ന് ഞാൻ വിടുതൽ നേടിയെടുക്കുകയാണ്. തീർത്തും അവശതയിലായി പോകുന്ന ദുസ്സഹ ദിവസങ്ങളിലൊഴികെ അനുഭവിക്കുന്നതെല്ലാം ഞാൻ കാൻവാസിലേക്ക് പകർത്തും” – കൊച്ചി ബിനാലെയിലെ പ്രശസ്‌ത ആർട്ടിസ്റ്റ് ബംഗാൾ സ്വദേശിനി നീർജ കോത്താരി തന്റെ സൃഷ്ടികൾക്ക് ആമുഖമായി പറഞ്ഞു.

മോട്ടോർ സെൻസറി ന്യൂറോപ്പതി അതിജീവിതയായ നീർജയുടെ ആവിഷ്‌കാരങ്ങൾ കുത്തുകളും വൃത്തങ്ങളും സംഖ്യകളും മുഖേനയാണ് സംവദിക്കുന്നത്. ആർട്ട് സ്‌കൂളിലെ പഠന കാലത്തും നീർജയുടെ ഭാവനകളും ബിംബങ്ങളും സ്വയമേവ കുത്ത്, വൃത്തം, സംഖ്യ എന്നിവയിലേക്ക് ചുരുങ്ങിപ്പോകുമായിരുന്നു. എന്തുകൊണ്ടാണ് മനസ് ശൂന്യമാകുമ്പോഴും ചിത്രണം ചെയ്യുമ്പോഴും താൻ എണ്ണിത്തിട്ടപ്പെടുത്തലുകൾ നടത്തുന്നതെന്ന് ആർട്ടിസ്റ്റ് ചിന്തിച്ചു.

രോഗ ചികിത്സയുടെയും നാളുകളിലേക്കും ബാല്യകാലത്തേക്കുമാണ് അത് നീർജയെ കൊണ്ടെത്തിച്ചത്. റീഹാബിലിറ്റേഷന്റെ ആ കാലം അവർക്ക് വ്യായാമങ്ങളുടെ എണ്ണമെടുക്കലുകളുടെയും സമയത്തിന്റെയും മാത്രമായിരുന്നു. കുട്ടിക്കാലമാകട്ടെ സംഖ്യകളും കുത്തുകളും ഇടംപിടിച്ച കളികളുടേതും. ഇതെല്ലാമാണ് കൊച്ചി ബിനാലെയുടെ ആസ്‌പിൻവാൾ ഹൗസ് പ്രദർശനവേദിയിൽ നീർജ കോത്താരി ഒരുക്കിയ ആവിഷ്‌കാരത്തിൽ പ്രകാശിതമാകുന്നത്.

“ഏറ്റവും നന്നായും സത്യസന്ധമായും എനിക്കറിയാവുന്നതുമാത്രമാണ് ഞാൻ ചെയ്യുന്നതും സൃഷ്ടികളിൽ ആവിഷ്‌കൃതമാകുന്നതും” – നീർജ പറയുന്നു. എന്തും അളക്കാൻ ഉപകരണങ്ങൾ ഉണ്ടെങ്കിലും വേദന പോലുള്ള വികാരങ്ങൾ അളക്കാൻ മൂർത്ത സംവിധാനമില്ല. അതെങ്ങനെ സാധ്യമാക്കാം, കലയുടെ ചുവടു പിടിച്ചെന്ന അന്വേഷണവും രചനകളിലുണ്ട്. ആ നിശ്ചിതകാലത്തെ തന്റെ ജീവിതാനുഭവങ്ങളും ശാരീരിക അവശതകളില്ലാത്തവരുടെ ജീവിതാനുഭവവും തികച്ചും വ്യത്യസ്‍തമാണെന്നും അതുകൊണ്ടാണ് മഷിയും ഗ്രാഫൈറ്റും ഉപയോഗിച്ചുള്ള തന്റെ ആവിഷ്‌കാരങ്ങൾക്ക് ഇത്തരമൊരു ബാഹ്യഭാവം. തന്റെ സൃഷ്ടികളെല്ലാം പരസ്‌പരം സംവദിക്കുന്നതാണെന്നും നീർജ കോത്താരി പറഞ്ഞു.

Report : AKSHAY BABU M

Author