പൊതുഭരണ വകുപ്പിന്റെ ധനാഭ്യര്‍ത്ഥനയെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം

Spread the love

കെടുകാര്യസ്ഥതയും അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. മാസങ്ങളായി തുടരുന്ന ഭരണസ്തംഭനം അതിന്റെ പൂര്‍ണതയിലെത്തിയിരിക്കുകയാണ്. ആദ്യം 25 ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകള്‍ മാറില്ലായിരുന്നു. ഇപ്പോള്‍ അത് 10 ലക്ഷമാക്കി. എന്നിട്ടും കേരളത്തിന്റെ ശത്രുക്കളാണ് സംസ്ഥാനത്ത് കടക്കെണിയെന്ന് പറയുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 10 ലക്ഷത്തിന് മുകളിലുള്ള ചെക്ക് മാറാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ സംസ്ഥാനത്ത് എന്ത് ഭരണമാണ് നടക്കുന്നത്?

വാര്‍ഷിക പദ്ധതി അവസാനിക്കാന്‍ ഒരു മാസം മാത്രം നിലനില്‍ക്കെ പദ്ധതി പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ് എല്‍.എസ്.ജി. ഒഴികെയുള്ള വകുപ്പുകളിലെ പദ്ധതി ചെലവ് വെറും 58 ശതമാനമാണ്. ചെക്ക് പാസാകാത്തതിനെ തുടര്‍ന്ന് കരാറുകാര്‍ പണി ഉപേക്ഷിക്കുകയാണ്. സമീപകാലത്തൊന്നും സസം്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് തോന്നുന്നില്ല. പദ്ധതി പ്രവര്‍ത്തനം ഇല്ലാതാക്കി പ്രോജക്ടുകളിലേക്ക് പോകുന്ന നരേന്ദ്ര മോദിയുടെ അതേ പാതയാണ് കേരള സര്‍ക്കാര്‍ പിന്തുടരുന്നത്. പദ്ധതികള്‍ ഇല്ലാതാക്കിയാണ് കിഫ്ബിയുടെ പ്രോജക്ടുകള്‍ക്ക് പിന്നാലെ പോകുന്നത്. കിഫ്ബി പൂര്‍ണ പരാജയമാണ്. കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റെ കടമെടുപ്പിന്റെ പൊതുപരിധിയില്‍ വന്നിരിക്കുകയാണ്.

നെല്‍ കര്‍ഷകരെ പറ്റിക്കുകയാണ് സര്‍ക്കാര്‍. നെല്‍ സംഭരണത്തിന്റെ പേരില്‍ മാത്രം 28698 കര്‍ഷകര്‍ക്ക് 200 കോടിയോളം രൂപ കുടിശ്ശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയ റബ്ബര്‍ വിലസ്ഥിരത ഫണ്ടില്‍ നല്‍കിയത് വെറും 10 കോടി രൂപയാണ് ജനുവരി പത്ത് വരെ കൊടുത്തത്. നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കാരുണ്യ പദ്ധതിയുടെ ഭാഗമായി 2022 ഡിസംബര്‍ വരെ 574 കോടി രൂപയാണ് കുടിശിക. 6 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക്ക് ആത്മഹത്യാ ചെയ്തു. ആശ്വാസകിരണം അടക്കമുള്ള എല്ലാ ക്ഷേമ പദ്ധതികള്‍ക്കും കുടിശികയുണ്ട്. ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങുന്ന അവസ്ഥയിലാണ്. എയ്ഡ്സ് രോഗികളുടെ പെന്‍ഷന്‍ അടക്കം മുടങ്ങിരിക്കുന്നു. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് 8 മാസത്തിലേറെയായി. വന്യജീവി ശല്യം കൊണ്ട് ജനം നട്ടം തിരയുമ്പോള്‍ നഷ്ടപരിഹാരത്തിനായി 2021 ജൂണ്‍ മുതലുള്ള 8,231 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. എന്നിട്ടാണ് കടക്കെണി ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. ഓരോ ഫയലിലും ഒരു ജീവിതം ഉണ്ട് എന്നൊക്കെ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രിയുടെ ഭരണം ഏഴുകൊല്ലം പിന്നിടുമ്പോള്‍ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകളാണ്. എല്ലാം ശരിയാക്കാന്‍ വന്നവരാണ് ഈ അവസ്ഥയില്‍ കേരളത്തെ എത്തിച്ചത്.

തന്നെ ചുറ്റിപ്പറ്റി ഉപഗ്രഹങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങളാണ്. ഉപഗ്രഹങ്ങളെ മുട്ടി നടക്കാന്‍ വയ്യാതായി. ഒരു സ്റ്റേറ്റിന്റെ ആത്യന്തികമായ ലക്ഷ്യമാണ് ‘അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ജസ്റ്റിസ്’. എന്നാല്‍ പാവപ്പെട്ടവന് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് കേരളത്തില്‍.

ആള്‍ക്കൂട്ടം അട്ടപ്പാടിയിലെ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ച് വര്‍ഷമായി. പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഫീസ് നല്‍കാതെ കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. മധുവിനു വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും അലവന്‍സുകളോ സൗകര്യങ്ങളോ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് തുടര്‍ന്ന് അവര്‍ പിന്മാറി. സാക്ഷികള്‍ പലരും ഇതിനോടകം കൂറുമാറി. കൂറു മാറ്റാന്‍ പിന്നാലെ നടക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിന് അപമാനകരമായ സംഭവം ഉണ്ടായിട്ട് ആ കേസിലെ പ്രതികളം ശിക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എന്ത് നീതിബോധമാണ് സര്‍ക്കാരിനുള്ളത്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത് കൊണ്ടാണ് വയനാട്ടിലെ ആദിവാസി വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.

ആദിവാസി സമൂഹത്തിന് നീതി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ പക്ഷെ പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാന്‍ കോടികളാണ് മുടക്കുന്നത്. ആകാശ് തില്ലങ്കേരിയെന്ന ഒരു ക്രിമിനല്‍ ഇപ്പോള്‍ സര്‍ക്കാരിനെ വിറപ്പിക്കുകയാണ്. ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ രക്ഷിക്കാനാണ് ഷുഹൈബ്, പെരിയ ഇരട്ട കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ 2.11 കോടി രൂപ ചെലവഴിച്ചത്. പാര്‍ട്ടിയാണ് കൊല്ലിച്ചത് എന്ന ഷുഹൈബ് കേസിലെ ഒന്നാം പ്രതി വെളിപ്പെടുത്തിയതില്‍ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം. നിങ്ങള്‍ ആര്‍.എസ്.എസുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് ജയരാജന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എങ്കിലും നിങ്ങള്‍ക്ക് കൊന്നുകൊണ്ടേയിരിക്കണം. അതിനായി നിങ്ങള്‍ കോണ്‍ഗ്രസിലെ കുട്ടികളെ കൊലപ്പെടുത്തുകയാണ്.

സ്വപ്‌ന സുരേഷിനെ പോലുള്ള ഇടനിലക്കാരെ ഉപയോഗിച്ച് നിങ്ങള്‍ ധനസമ്പാദനം നടത്തുകയും ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയും ചെയ്യുകയാണ്. തുടര്‍ ഭരണം കൊണ്ട് സി.പി.എമ്മിന് ജീര്‍ണത ബാധിച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും ഇത് പ്രകടമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന പ്രതിരോധ യാത്രയ്ക്ക് വേണ്ടി മണല്‍ മാഫിയയില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത് വന്നു. പള്ളിയും പഞ്ചായത്തും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പള്ളിയില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങി. ഭരണം നിങ്ങളുടെ പാര്‍ട്ടിയെ ജീര്‍ണിപ്പിച്ചു. ബംഗാളിലെ അതേ ദുരന്തമാണ് കേരളത്തിലെ സി.പി.എമ്മും ഇപ്പോള്‍ അനുഭവിക്കുന്നത്.

കോണ്‍ഗ്രസ് മോദി ഭരണകൂടത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. ഈ സന്ദേശം എത്തിക്കാനാണ് രാഹുല്‍ ഗാന്ധി നാലായിരത്തോളം കിലോമീറ്റര്‍ നടന്നത്. വെറുപ്പിന്റെ ചന്തയില്‍ ഞാന്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന പ്രഖ്യാപനം ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പി നേതാക്കള്‍ പരിഹസിക്കുന്ന അതേ ഭാഷയിലാണ് സി.പി.എമ്മും കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ നിങ്ങളുടെ പാര്‍ട്ടിയും ബി.ജെ.പിയും ഒന്നിച്ചല്ലേ സമരം നടത്തിയത്? ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

സംസ്ഥാനത്ത് ഗുണ്ടകളും മയക്ക്മരുന്ന് മാഫിയകളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുകയാണ്. അവരെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. പൊലീസിലും ക്രിമിനലുകളാണ്. 32 ക്രിമിനല്‍ കേസുകളുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിങ്ങള്‍ പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ട് പ്രാദേശിക നേതാക്കളാണ്. മോദി ആര്‍.എസ്.എസ് ഉണ്ടാക്കുന്നതു പോലെ നിങ്ങള്‍ എല്ലാത്തിനെയും രാഷ്ട്രീയവത്ക്കരിച്ച് തകര്‍ത്തു. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ വരെ നിങ്ങള്‍ തകര്‍ത്തു. നികുതി പിരിക്കുന്നതിലുണ്ടായ പരാജയത്തിന്റെ നഷ്ടത്തിന് ഈ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

സംരംഭക മഹാമഹം എന്താണെന്ന് മന്ത്രിക്ക് ഇപ്പോള്‍ മനസിലായി. ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനിടെ കൊണ്ടുവന്നെന്നായിരുന്നു അവകാശവാദം. സ്വന്തമായി വായ്പയെടുത്ത് തുടങ്ങിയ സംരംഭങ്ങള്‍ വരെ നിങ്ങള്‍ സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വേണ്ടി പ്രതിപക്ഷ നേതാവും അടൂര്‍ പ്രകാശ് എം.പിയും യോഗ്യതയില്ലാത്ത ആളിന് വേണ്ടി കത്ത് നല്‍കിയെന്നാണ് അമ്പലപ്പുഴ അംഗം പറഞ്ഞത്. വില്ലേജ് ഓഫീസര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള അപേക്ഷയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയത്. വരുമാനം ഇല്ലാത്ത അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 45000 അനുവദിച്ചു. എന്നിട്ടാണ് പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യത്തില്‍ അധിക്ഷേപിക്കുന്നത്. മറ്റൊരു എം.എല്‍.എയെക്കൊണ്ട് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിന്റെ ശമ്പളത്തെ കുറിച്ച് ചോദ്യം ചോദിപ്പിച്ചു. ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ വാങ്ങിയതിനേക്കാള്‍ കൂടുതലൊന്നും ഞാന്‍ വാങ്ങിയിട്ടില്ല. ചില കാര്യങ്ങള്‍ വേണ്ടെന്ന് എഴുതിക്കൊടുത്തിട്ടുമുണ്ട്. എന്നിട്ടും എനിക്കെതിരെ പറയുന്നത് നായനാരെയും വി.എസ് അച്യുതാനന്ദനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ്. ആറ് വര്‍ഷം പഴക്കമുള്ള കാര്‍ മാറ്റിയാണ് പുതിയ കാര്‍ നല്‍കിയത്. പത്ത് കാറുകള്‍ വാങ്ങിയപ്പോഴാണ് അതില്‍ ഒരു കാര്‍ പ്രതിപക്ഷ നേതാവിനും ലഭിച്ചത്.

സര്‍ക്കാര്‍ ട്രാക്കിലല്ല പാളം തെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്. നിഷ്‌ക്രിയമായ സര്‍ക്കാരാണ്. ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാമ്പത്തിക അവസ്ഥയിലേക്കാണ് കൂപ്പ് കുത്തിയിരിക്കുന്നത്.

 

Author