പാചക വാതകത്തിന് 50 രൂപ കൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ചെന്നിത്തല

Spread the love

തിരു :  പാചകവാതകത്തിന് 50 രൂപ കൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

കഴിഞ്ഞ കുറേക്കാലമായി തെരഞ്ഞെടുപ്പുകൾ കഴിഞ്ഞയുടൻ ഗ്യാസ് – പെട്രോൾ വില വർദ്ധിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ് മോദി സർക്കാർ . ഇപ്പോൾ ത്രിപുര, നാഗാലാൻറ് തുടങ്ങി നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മോദി സർക്കാരിൻ്റെ തനിനിറം പുറത്ത് വന്നു. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ജനങ്ങളുടെ തലയിൽ സർക്കാരിൻ്റെ സാമ്പത്തിക ബാധ്യത കെട്ടി വെച്ചിരിക്കുകയാണ്. അഛേ ദിൻ വരുമെന്ന് മോദി പറഞ്ഞത് ഇപ്പോൾ എല്ലാപേർക്കും മനസിലായി.

കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നതും ഇത് തന്നെയാണ്. സർക്കാരിൻ്റെ സാമ്പത്തിക ബാധ്യത ജനത്തിൻ്റെ തലയിൽ കെട്ടിവെയ്ക്കുക എന്നത് കോട്ടിട്ട മോദിയുടെയും മുണ്ടുടുത്ത മോദിയുടെയും പൊതുനയമാണെന്നും ചെന്നിത്തല പറഞ്ഞു.

*ജനദ്രോഹ സർക്കാരിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ കിട്ടിയ അവസരം വോട്ടർമാർ പാഴാക്കിയില്ലെന്ന് ചെന്നിത്തല*

തിരുഃ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വൻ മുന്നേറ്റമാണ് നേടിയത്. 11 സീറ്റുകളിൽ വിജയിച്ച യു.ഡി.എഫ്. ആറ് സീറ്റുകൾ എൽ.ഡി.എഫിൽനിന്നും പിടിച്ചെടുത്തു. 7 സീറ്റുകളാണ് ഇടതുപക്ഷത്തിന് നഷ്ടമായത്.

ജനദ്രോഹ സർക്കാരിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ കിട്ടിയ അവസരം വോട്ടർമാർ പാഴാക്കിയില്ല. ജനദ്രോഹ ബഡ്ജറ്റിലൂടെ അധിക നികുതി അടിച്ചേൽപ്പിച്ച സർക്കാർ നടപടിയും അതിനെ ചോദ്യം ചെയ്തവരെ തെരുവിൽ നേരിടുന്ന പോലീസ് രാജും മൂലം പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധത്തിന്റെ സൂചനയാണ് UDF ന്റെ വിജയം.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചും ജനപ്രതിനിധികളെ നോക്കുകുത്തിയാക്കിയും അധികാര കേന്ദ്രീകരണവും വികസന മുരടിപ്പും സൃഷ്ടിച്ച സർക്കാറിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുള്ളത്.

ഉപതെരഞ്ഞെടുപ്പിൽ യു.ഡി എഫിന്റെവിജയത്തിനായി അക്ഷീണം പ്രയത്നിച്ച പ്രവർത്തകരെയും നേതാക്കളെയും വിജയിച്ച സ്ഥാനാർത്ഥികളെയും അഭിനന്ദിക്കുന്നു.

Author