അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തി – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനം.

പ്രതിപക്ഷ അവകാശം നിഷേധിച്ചത് ഒരു ചട്ടവും ഉദ്ധരിക്കാതെ; ഡല്‍ഹിയില്‍ ചെയ്യുന്നത് തന്നെയാണ് കേരളത്തില്‍ മുണ്ടുടുത്ത മോദിയും ചെയ്യുന്നത്

ഐ.ജി.എസ്.ടി പൂളില്‍ നിന്ന് 25000 കോടി രൂപ നഷ്ടപ്പെട്ടെന്ന ഗുരുതരമായ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്. ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്ത് നിയമസഭയാണിത്. തുടര്‍ച്ചയായ രണ്ട് ദിവസവും അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് സ്പീക്കറെ ഭയപ്പെടുത്തിയതിനാലാണ് മൂന്നാം ദിനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിന് അനുമതി ലഭിക്കാതിരുന്നത്. റൂള്‍സ് ഓഫ് പ്രൊസീജിയറിലെ ഒരു ചട്ടവും ഉദ്ധരിക്കാതെയാണ് നോട്ടീസ് അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശം അന്യായമായി സ്പീക്കര്‍ നിഷേധിച്ചത്.

ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള കോടികള്‍ നഷ്ടപ്പെടുത്തിയത് സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കപ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ സമാനതകളില്ലാത്ത കെടുകാര്യസ്ഥതയുടെ ഉദാഹരണമായി മാറിയേനെ. തടര്‍ച്ചയായ മൂന്നാം ദിവസവും അപകടത്തിലേക്ക് പോകുമെന്ന് മനസിലാക്കിയാണ് സ്പീക്കറെക്കൊണ്ട് നോട്ടീസ് അവതരണത്തിന് അനുമതി നിഷേധിപ്പിച്ചത്. സ്പീക്കറോട് ഒരു മുഖ്യമന്ത്രിയും സംസാരിക്കാത്ത ഭാഷയിലാണ് പിണറായി വിജയന്‍ ഇന്നലെ സംസാരിച്ചത്. സ്പീക്കര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി തടസം സൃഷിക്കുകയാണ്. ഡല്‍ഹിയിലും ഇതു തന്നെയാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമൊക്കെ പ്രസംഗിക്കുന്നത് രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും അവര്‍ക്ക് പറയാനുള്ള അവസരങ്ങള്‍ നിഷേധിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. മുണ്ടുടുത്ത മോദി അതേ കാര്യങ്ങള്‍ തന്നെ കേരളത്തില്‍ ചെയ്യുന്നത് നിയമസഭാ ചരിത്രത്തിന് തന്നെ അപമാനമാണ്.

4500 കോടിയുടെ നികുതി നിര്‍ദ്ദേശം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ കേരളത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് അഞ്ച് വര്‍ഷം ഐ.ജി.എസ്.ടി പൂളില്‍ നഷ്ടമാക്കിയത് 25000 കോടി രൂപയാണ്. സംസ്ഥാനാന്തര ചരക്ക് ഗതാഗതത്തിലൂടെ കേരളത്തിന് ലഭിക്കേണ്ട തുകയാണ് ഈ സര്‍ക്കാര്‍ നഷ്ടമാക്കിയത്. ഐ.ജി.എസ്.ടി പൂളിലെ തുക അതത് സംസ്ഥാനങ്ങള്‍ യഥാസമയം വാങ്ങിയെടുത്തില്ലെങ്കില്‍ അവസാനം അത് എല്ലാ

സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ച് പോകും. ഇന്ത്യയിലെ എറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാണ് ഐ.ജി.എസ്.ടിയില്‍ നിന്നും ഏറ്റവുമധികം നികുതി കിട്ടേണ്ടത്. രണ്ടായിരം കോടി എസ്.ജി.എസ്.ടി കിട്ടിയാല്‍ മൂവായിരം കോടി രൂപ ഐ.ജി.എസ്.ടിയായി കിട്ടേണ്ടതാണ്. ജി.എസ്.ടി സംവിധാനം പുനക്രമീകരിക്കണമെന്ന് 5 വര്‍ഷമായി പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്. 6 കോടി രൂപ മുടക്കി ചെക്ക്‌പോസ്റ്റുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ആര്‍ക്കു വേണമെങ്കിലും ഏത് സാധനവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് നികുതി നല്‍കാതെ വിറ്റഴിക്കാന്‍ പറ്റുന്ന അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 1650 ഫയലുകളില്‍ നിന്നാണ് ഐ.ജി.എസ്.ടിയുടെ 80 ശതമാനവും ലഭിക്കുന്നത്. ഈ ഫയലുകള്‍ എവിടെയാണെന്ന് പോലും അറിയില്ല. 5000 കോടിയോളം ലഭിക്കുമായിരുന്ന ഐ.ജി.എസ്.ടി അധിക വരുമാനം 7000 കോടി വരെ ഉയര്‍ത്താനകും. ഇത്രയും വലിയൊരു തുക കൃത്യമായി ലഭിച്ചാല്‍ സംസ്ഥാനത്തിന് അധിക നികുതികള്‍ ഈടാക്കാതെ തന്നെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമായിരുന്നു.

സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാക്കാനാകാത്ത അശാസ്ത്രീയമായ ജി.എസ്.ടി പുനക്രമീകരണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാളിപ്പോയ നികുതി ഭരണ സംവിധാനം നന്നാക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് പാവങ്ങളുടെ തലയില്‍ അമിത നികുതി ഭാരം കെട്ടിവയ്ക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞ് വീഴുമോ? സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും തെറ്റുകളും ചൂണ്ടിക്കാണിക്കുകയെന്നാണ് പ്രതിപക്ഷ ധര്‍മ്മം. ഇതിന് അനുവദിക്കാതെ ഭൂരിപക്ഷവും അധികാരവും ഉപയോഗിച്ച് നിയമസഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന അപമാനകരമായ സംഭവമാണ് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സമനില തെറ്റിയ മുഖ്യമന്ത്രി ഇന്നും പ്രതിരോധത്തില്‍ ആകാതിരിക്കാനാണ് സ്പീക്കറെ ഉപയോഗിച്ച് അടിയന്തിര പ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിച്ചത്.

കഴിഞ്ഞ രണ്ട് ദിവസവും സഭ സ്തംഭിപ്പിച്ചത് ഭരണപക്ഷാംഗങ്ങളാണ്. സ്പീക്കര്‍ക്ക് എഴുന്നേറ്റ് പോകേണ്ടി വന്നതും ഭരണപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്നാണ്. സ്പീക്കര്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അവര്‍ തയാറാകുന്നത്. ഇതൊന്നും സ്പീക്കര്‍ കാണുന്നില്ലേയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ തല്ലിക്കെടുത്തുന്ന നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ധനകാര്യമന്ത്രി എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ നിയമസഭയില്‍ വച്ചിട്ടില്ല. നാനൂറില്‍ അധികം ചോദ്യങ്ങള്‍ക്കും മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. നികുതി പിരിവില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ സര്‍ക്കാര്‍ അതിന്റെ ഭാരമാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

ജി.എസ്.ടി നഷ്ടപരിഹാരം കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വെറുതെ പ്രചരിപ്പിക്കുകയാണ്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് 5 വര്‍ഷത്തേക്ക് 53000 കോടിയാണ് നിശ്ചയിച്ചത്. ഇത് 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് ലഭിച്ചു. എന്നിട്ടും കുറഞ്ഞു പോയെന്നാണ് സംസ്ഥാനം പറയുന്നത്.

 

 

Author