സിപിഎം ഗുണ്ടായിസം മാധ്യമസ്ഥാപനങ്ങളിലേക്കും : കെ.സുധാകരന്‍ എംപി

Spread the love

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജണല്‍ ഓഫീസിനെതിരായ എസ്എഫ്ഐ അതിക്രമം സിപിഎം ഗുണ്ടായിസത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

ഭരണഘടന ഉറപ്പാക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് അധരവ്യായാമം നടത്തുകയും അവ തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് ഇരട്ടത്താപ്പാണ് ഇപ്പോള്‍ പ്രകടമായത്. ബിബിസിയുടെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി തെരുവിലിറങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ തന്നെ കേരളത്തിലെ മാധ്യമങ്ങളെ കായികമായി നേരിട്ട് കൂച്ച് വിലങ്ങിടാന്‍ ഇറങ്ങിയത് നിര്‍ഭാഗ്യകരമാണ്. ഏഷ്യാനെറ്റ് കൊച്ചി ഓഫീസിനെതിരായ ആക്രമണം ആസൂത്രിതമാണെന്നാണ് സുചനകള്‍. ചാനലിനെതിര മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് ആക്രമം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം.

വാര്‍ത്തയുടെ ഉള്ളടക്കം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ആവിഷ്ക്കാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല.അതിനോട് ഒരിക്കലും യോജിക്കാനും ആവില്ല. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനം ഉറപ്പാക്കുന്ന നാടാണ് കേരളം. എന്നാല്‍ മോദി-പിണറായി സര്‍ക്കാരുകള്‍ അധികാരത്തിലേറിയത് മുതല്‍ മാധ്യമങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നടപടികളാണ് ഉണ്ടായത്. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് ഇരുവരും നേരിടുന്നത്.മാധ്യമങ്ങള്‍ ഭരണാധികാരികള്‍ക്ക് സ്തുതിപാടണമെന്ന ശാഠ്യം കേരളത്തിൽ നടപ്പാകില്ല. വാര്‍ത്താ അവതാരകന്‍ വിനു.വി.ജോണിനെതിരായ കേസ് പോലും സിപിഎമ്മിന്‍റെ അസഹിഷ്ണുതയുടെ ഭാഗമായാണ്. മാധ്യമങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രതികാരത്തോടെയാണ് അധികാരമേറ്റത് മുതല്‍ പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്.നിയമസഭയില്‍പോലും മാധ്യമപ്രവര്‍ത്തനത്തിന് വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തുന്ന സ്ഥിതിയാണ്. ദേശീയ തലത്തില്‍ നരേന്ദ്രമോദി നടപ്പാക്കുന്ന മാധ്യമ ദ്രോഹനയമാണ് കേരളത്തില്‍ പിണറായി വിജയനും നടപ്പാക്കുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു.

Author