ഗര്‍ഭനിരോധന ഗുളികകളുടെ വിതരണം നിര്‍ത്തിവയ്ക്കുന്ന തീരുമാനം അപലപനീയമെന്ന് വൈറ്റ് ഹൗസ്

Spread the love

വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭനിരോധന ഗുളികകളുടെ വില്പനയും വിതരണവും നിര്‍ത്തിവയ്ക്കുന്നതിന് റിപ്പബ്ലിക്കന്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും, അത് അപകടകരമാണെന്നും വൈറ്റ് ഹൗസ്. വെള്ളിയാഴ്ച വൈകിട്ട് പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

അമേരിക്കയിലെ മരുന്ന് വിതരണ കമ്പനിയായ വാള്‍ഗ്രീനാണ് ഈ തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കോംസ്റ്റോക് ആക്ട് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാരുടെ ഭീഷണിയെ തുടര്‍ന്നാണ് വാള്‍ഗ്രീന്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ കോസ്റ്റ്‌കോ, സി.വി.എസ്, ക്രോഗര്‍ എന്നിവ ഇതിനെക്കുറിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

ഗര്‍ഭഛിദ്രത്തെ വഴഞ്ഞവഴിയിലൂടെ നിരോധിക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രതിദിനം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

60 രാജ്യങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഉപയോഗിച്ചുവന്നിരുന്ന മിഫ് പ്രിസ്റ്റോണ്‍ എന്ന മരുന്ന് ഇന്നും പ്രസക്തമാണെന്നും വൈറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എഫ്.ഡി.എയുടെ അംഗീകാരമുള്ള ഈ മരുന്നിന്റെ ഉപയോഗം അസാധുവാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത് ദുരൂഹമാണ്. സംസ്ഥാനങ്ങളിലെ ഏതൊരു ജഡ്ജിക്കും ഇതിന് അനുകൂലമായി വിധി പ്രഖ്യാപിക്കാന്‍ കഴിയും. എന്നാല്‍ അതിനെ മറികടക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് മുന്നോട്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Author