പ്രഥമ ഹൂസ്റ്റൺ മാർത്തോമാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ട്രിനിറ്റി മാർത്തോമാ ക്രിക്കറ്റ് ടീമിന് കിരീടം : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാർത്തോമാ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് ഇദം പ്രഥമമായി നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണ്ണമെന്റ് ഫൈനലിൽ ഇമ്മാനുവേൽ മാർത്തോമാ ക്രിക്കറ്റ് ടീമിനെ 16 റൺസിനു പരാജയപ്പെടുത്തി ട്രിനിറ്റി മാർത്തോമാ ക്രിക്കറ്റ് ടീം ജേതാക്കളായി.

ആരംഭം മുതൽ അവസാന നിമിഷം വരെ ആവേശം തുളുമ്പി നിന്ന മത്സരത്തില്‍ നിശ്ചിത 15 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ ട്രിനിറ്റി 140 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇമ്മനുവേലിനു ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ആദ്യ പന്ത്രണ്ടു ഓവറിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായ ഇമ്മാനുവേലിനു 15 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.

ട്രിനിറ്റിക്ക് വേണ്ടി നീൽ തോമസ്‌ 31 റൺസും സഞ്ജയ്‌ വര്‍ഗീസ്‌, റെജി മാത്യു എന്നിവർ 17 റൺസ് വീതവും നേടി മികച്ച തുടക്കം സമ്മാനിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിധിൻ ഐസക്ക് 13 പന്തില്‍ 27 റൺസും ക്യാപ്റ്റൻ ബിജോ ബെഞ്ചമിന്‍ 11 പന്തില്‍ 24 റൺസും, അനീഷ്‌ എബ്രഹാം 4 പന്തില്‍ 14 റൺസും നേടി. ബൗളിങ്ങിൽ റവ. റോഷൻ , റെജി തോമസ് , വിനിൽ ചെറിയാന്‍ , റോബിൻ ജോര്‍ജ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഇമ്മാനുവേലിനു വേണ്ടി ബിനു അലക്സാണ്ടർ, ക്യാപ്റ്റന്‍ ഷിബു കളത്തൂർ എന്നിവർ 34 റൺസ് വീതം നേടിയപ്പോൾ വൈസ് ക്യാപ്റ്റന്‍ മെവിൻ 22 റൺസോടെ പുറത്താകാതെ നിന്നു. ബൌളിങ്ങില്‍ ബിനു അലക്സാണ്ടര്‍ 2 ഉം , ബിനു പാപ്പച്ചന്‍, നൈനാന്‍ ഫിലിപ്പ് എന്നിവര്‍ ഒന്നും വിക്കറ്റുകള്‍ വീതം നേടി.

മത്സരശേഷം നടന്ന സമ്മാന ദാന ചടങ്ങില്‍ ടീം അംഗങ്ങള്‍ക്ക് പുറമേ ഇടവക ജനങ്ങളും , സ്പോണ്‍സര്‍മാരും പങ്കെടുത്തു. സമ്മാന ദാനത്തിനു മുന്‍പായി മുഖ്യ സംഘാടകരില്‍ ഒരാളായ ട്രിനിറ്റി മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരി റവ. റോഷന്‍ വി മാത്യുസ് ഈ ടൂര്‍ണ്ണമെന്റ് അനുഗ്രഹകരമായി നടത്താന്‍ ഇടയാക്കിയ ദൈവത്തിനും, മികച്ച പ്രകടനം കാഴ്ച്ചവെച്ച ട്രിനിറ്റി, ഇമ്മാനുവേല്‍, സെന്റ്‌ തോമസ്‌ എന്നീ മാര്‍ത്തോമ ഇടവകകള്‍ക്കും, ഇടവകയിലെ അച്ചന്മാര്‍ക്കും, ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്തു സഹായിച്ച പ്രിയപ്പെട്ടവര്‍ക്കും, ഈ ടൂര്‍ണ്ണമെന്റിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ ശ്രീ ജോണ്‍ വര്‍ഗീസിനും (അനിൽ) നന്ദി പ്രകാശിപ്പിച്ചു.

വരും നാളുകളില്‍ ഡാലസില്‍ നിന്നും മറ്റ് ഇടങ്ങളില്‍ നിന്നും ഉള്ള മാര്‍ത്തോമാ ടീമുകളെ പങ്കെടുപ്പിച്ചു വിപുലമായ രീതിയില്‍ ഈ ടൂര്‍ണ്ണമെന്‍റ് നടത്താന്‍ ഇടയാകട്ടെ എന്നും ആശംസിച്ചു.

ഇമ്മാനുവേല്‍ ഇടവക അസിസ്റ്റന്റ്റ് വികാരിയായ റവ സന്തോഷ്‌ തോമസിന്റെ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിജയികളായ ട്രിനിറ്റി ടീമിന് TWFG ചാണ്ടപ്പിള്ള ഇൻഷുറൻസ് ഏവർറോളിംഗ് ട്രോഫിയും റണ്ണഴ്സ് അപ്പ് ആയ ഇമ്മാനുവേല്‍ ടീമിന് ടെക്സാസ് റിയൽറ്റർ അലക്സ്‌ പാപ്പച്ചൻ സ്പോണ്‍സർ ചെയ്ത ഏവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. റവ റോഷൻ വി മാത്യൂസ് , റവ സന്തോഷ്‌ തോമസ്, സ്പോൺസർമാരായ മാത്യുസ് ചാണ്ടപ്പിള്ള, ജീമോൻ റാന്നി, ജൈജു കുരുവിള, അലക്സ് പാപ്പച്ചൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. സ്റ്റാഫോർഡ് സിറ്റി കൌൺസിൽമാൻ കെൻ മാത്യു തുടങ്ങിയ പ്രമുഖരും മത്സരം കാണാൻ എത്തിയിരുന്നു

റവ റോഷൻ വി മാത്യുസ്, ജോൺ വർഗീസ് (അനിൽ) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘാടക സമിതിയുടെ അംഗങ്ങളായി ബിജോ ബെഞ്ചമിൻ, ക്രിസ് ചെറിയാൻ, ജോൺസൺ ജോർജ്, സാജൻ.റ്റി. ജോൺ , ഷിബു കളത്തൂർ എന്നിവർ പ്രവർത്തിച്ചു. എല്ലാ മത്സരങ്ങളും സ്റ്റാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് നടത്തപ്പെട്ടത്. മത്സരങ്ങളുടെ തത്സമയ സ്കോർ cricclubs വെബ്സൈറ്റിൽ ലഭ്യമായിരുന്നു

Author