തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം സമൂഹം ഗൗരവത്തോടെ കാണണം : മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ഇക്കാര്യം സമൂഹം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേരള നോളജ് ഇക്കോണമി മിഷൻ്റെ തൊഴിൽ അരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന ജോബ് ഓഫർ ലെറ്റർ കൈമാറുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥി സമൂഹത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ കൂടുതലാണെങ്കിലും തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്തം കുറവാണ്. ഇതിന് പിന്നിലുള്ള സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് കേരള നോളജ് ഇക്കോണമി മിഷനിലൂടെ സർക്കാർ നടത്തുന്നത്. തൊഴിലിടങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നതിന് സമൂഹത്തിൽ ബോധവത്കരണം അനിവാര്യമാണെന്നും ഇത് കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിൽ ചെയ്യാൻ തയാറായിട്ടുള്ള വനിതകളെ അതിന് പ്രാപ്തരാക്കി തൊഴിൽ രംഗത്ത് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ രണ്ടാംഘട്ടമായി 40 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയാണ് നോളജ് ഇക്കോണമിയുടെ ലക്ഷ്യം.കേരളത്തിലെ തൊഴിലില്ലായ്മ നേരിടുക എന്ന കേരള നോളജ് ഇക്കോണമി മിഷൻ്റെ പ്രാഥമിക ലക്ഷ്യം നേടുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ വ്യവസായ രംഗവുമായി ബന്ധിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിദ്യാർഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുന്നതിനൊപ്പം നൈപുണ്യ പരിശീലനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി ചിഞ്ചു വി, ആതിര എസ്. എച്ച്, ഹിമ എസ് ആർ , നിത്യ എസ് എന്നിവർക്കു ജോബ് ഓഫർ ലെറ്റർ കൈമാറി.തൊഴില്‍ മേളകളില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിർവ്വഹിച്ചു.ഏറ്റവും കൂടുതൽ തൊഴിൽ അന്വേഷകരെ പങ്കെടുപ്പിച്ച ജില്ല, കൂടുതൽ തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ച ജില്ലാ പ്രോഗ്രാം മാനേജർ, കൂടുതൽ തൊഴിൽ അന്വേഷകരെ പങ്കെടുപ്പിച്ച കമ്മ്യൂണിറ്റി അംബാസിഡർ , ജോബ് ഓഫർ ലെറ്റർ കൈമാറിയ തൊഴിൽ ദാതാവ് എന്നിവർക്കുള്ള പുരസ്കാരം തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നൽകി.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയര്‍ ആര്യ രാജേന്ദ്രന്‍, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല, കേരള നോളജ് ഇക്കണോമി മിഷന്‍ ജനറൽ മാനേജര്‍ പി എം റിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍- വനിതാദിനത്തോട് അനുബന്ധിച്ച് കേരള നോളജ് ഇക്കോണമി മിഷൻ സംഘടിപ്പിച്ച തൊഴിൽ അരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന ജോബ് ഓഫർ ലെറ്റർ കൈമാറുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു, മേയർ ആര്യ രാജേന്ദ്രൻ, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല എന്നിവർ സമീപം.

Report : Vijin Vijayappan

Author