പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ കേരളം 740.52 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കും

Spread the love

എട്ടാമത് സെഡസ്‌ക് ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി
പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2023-24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് സ്‌കൂൾ എഡ്യൂക്കേഷൻ ഡെവലപ്‌മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ (SEDSK) എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗം അംഗീകാരം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പാർശ്വവൽകൃത മേഖലയിലും ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പിന്തുണ പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ നിർദേശം നൽകി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയിൽ 535.07 കോടി രൂപയും സെക്കന്ററി വിഭാഗത്തിൽ 181.44 കോടി രൂപയും, ടീച്ചർ എഡ്യൂക്കേഷന് 23.80 കോടി രൂപയും അടങ്ങുന്നതാണ് ഗവേണിംഗ് കൗൺസിൽ അംഗീകരിച്ച 740.52 കോടി രൂപയുടെ വാർഷിക പദ്ധതി ബജറ്റ്. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഓട്ടിസം കേന്ദ്രങ്ങളുടെയും കിടപ്പിലായ കുട്ടികളുടെയും ഉൾപ്പെടെ ഈ മേഖലയിലെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിനായി 144.93 കോടി രൂപയുടെ വാർഷിക പദ്ധതികളാണ് സമഗ്ര ശിക്ഷ കേരളം തയാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രീ-സ്‌കൂൾ വിദ്യാഭ്യാസത്തിന് 21.46 കോടി രൂപയുടെയും, സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയ്ക്കായി 116.75 കോടി രൂപയുടെ പദ്ധതികളും തയാറാക്കിയിട്ടുണ്ട്. കുട്ടികളിലെ അക്കാദമികവും – അക്കാദമികേതരവുമായ സവിശേഷ പ്രവർത്തനങ്ങൾക്ക് 133 കോടിയുടെ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. വിദ്യാലയങ്ങളിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കുമായി 22.46 കോടി രൂപയും, അധ്യാപകരുടെ പരിശീലനത്തിന് 23.80 കോടി രൂപയുടെയും പദ്ധതി തയാറാക്കി. 2023-24 അക്കാദമിക വർഷത്തിൽ സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കേണ്ട പദ്ധതികൾ കൗൺസിൽ യോഗം അംഗീകരിച്ചു. 2023 ഏപ്രിലിൽ ദില്ലിയിൽ നടക്കുന്ന വാർഷിക പദ്ധതി സമർപ്പണ ശിൽപ്പശാലയിൽ സെഡസ്‌ക് ന്റെ ഭാരവാഹികൾ പങ്കെടുക്കും. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.സുപ്രിയ എ.ആർ. സ്വാഗതം പറഞ്ഞ യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എസ്. സി. ഇ. ആർ. ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, എസ്.ഐ. ഇ. ടി ഡയറക്ടർ ബി. അബുരാജ്, സീമാറ്റ് ഡോ. സുനിൽ വി. ടി, തുടങ്ങിയവർ അവതരണങ്ങൾ നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം, ധനകാര്യ വകുപ്പിലെ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പിലെ പ്രതിനിധികൾ, മാതൃ ശിശു വകുപ്പിലെ പ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രതിനിധികൾ തുടങ്ങിയ ഗവേർണിംഗ് കൗൺസിൽ അംഗങ്ങൾ സംസാരിച്ചു. സമഗ്ര ശിക്ഷ കേരളയിലെ അഡീ. ഡയറക്ടർമാരും ഉന്നത ഉദ്യാഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.

Author