ഇന്നിനെ മനസിലാക്കുന്ന നിയമമാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ്

Spread the love

ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നടത്തിയ നിയമനിർമാണമല്ല, ഇന്നിനെ മനസിലാക്കുന്ന നിയമങ്ങൾ ആണ് വേണ്ടതെന്ന് സംസ്ഥാന നിയമ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ‘നിലവിലെ നിയമനിർമാണം കൊളോണിയൽ കാലത്തേതാണ്. അത് ആ കാലത്തെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്. ഇന്ത്യക്കാർക്ക് മനസിലാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ആ നിയമങ്ങൾ നിർമിച്ചിട്ടുള്ളത്. ഇന്ന് വേണ്ടത് ജനങ്ങൾക്ക് മനസിലാകുന്ന, ഇന്നിനെ മനസിലാകുന്ന നിയമങ്ങളാണ്, ‘നിയമ വകുപ്പിലെ ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകർക്കും ആയി നടത്തിവന്ന പരിശീലന പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ശരി എന്ന് കരുതുന്നതാവില്ല പലപ്പോഴും നിലവിലെ നിയമമനുസരിച്ചെന്ന് മന്ത്രി ഓർമിപ്പിച്ചു. പഴയ കാലത്തിൽ നിന്നുള്ള ഉപദേശം കിട്ടി നിയമനിർമാണം നടത്തിയാൽ അത് സംസ്ഥാനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ നിയമത്തെക്കുറിച്ച് കാലിക ബോധമുള്ളവർ ആവുക എന്നത് പ്രധാനപ്പെട്ടതാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടർച്ചയായ പ്രക്രിയയാണെന്നും നിരന്തര പരിശീലനത്തിലൂടെ മാത്രമേ പുതിയ കാര്യങ്ങളും ലോകത്തെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ നിയമ സെക്രട്ടറി ഹരി നായർ അധ്യക്ഷത വഹിച്ചു. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് മുഖ്യാതിഥിയായി. ഭരണഘടന വിഭാവന ചെയ്ത നിയമവാഴ്ച സാധ്യമാണെങ്കിൽ പൗരന്മാർക്ക് സാമാന്യ നിയമ പരിജ്ഞാനം ഉണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നിയമ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സാമാന്യത്തിൽ കവിഞ്ഞ നിയമ പരിജ്ഞാനം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി എൻ ജീവൻ, ജോയിന്റ് സെക്രട്ടറി എൻ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.

Author