മയക്കുമരുന്ന് കവർച്ചക്കിടെ 4 പേരെ വധിച്ച തടവുകാരന്റെ വധശിക്ഷ ടെക്സാസ്സിൽ നടപ്പാക്കി

Spread the love

ഹണ്ട്‌സ്‌വില്ല ( ടെക്സാസ്): 30 വർഷങ്ങൾക്ക് മുമ്പ് 9 മാസം ഗർഭിണിയായ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ മയക്കുമരുന്ന് കവർച്ചക്കിടെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനെ ടെക്സാസ്സിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. 52 കാരനായ ആർതർ ബ്രൗൺ ജൂനിയർ, ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് പ്രിസണിൽ മാർച്ച് 9 വ്യാഴാഴ്ച വൈകുന്നേരം മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കുത്തിവയ്പ്പ് സ്വീകരിക്കുന്നതിന് മുമ്പ് താൻ നിരപരാധിയാണെന്ന് പ്രതി ആവർത്തിച്ചു പറഞ്ഞു.
വധശിക്ഷ നിർത്തലാക്കണമെന്ന ബ്രൗണിന്റെ അഭിഭാഷകരുടെ അപ്പീൽ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നേരത്തെ തള്ളിയിരുന്നു. ബുദ്ധി വൈകല്യമുള്ളതിനാൽ ബ്രൗണിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നു അവർ വാദിച്ചിരുന്നു.

ഈ വർഷം ടെക്‌സാസിൽ വധ ശിക്ഷക്ക് വിധേയമാക്കുന്ന അഞ്ചാമത്തെ തടവുകാരനാണ് ബ്രൗൺ, യുഎസിലെ ഒമ്പതാമത്തെ തടവുകാരനാണു .ഈ ചൊവാഴ്ച ഭാര്യയെയും മകളെയും കൊലപ്പെടുത്തിയപ്രതി ഗാരി ഗ്രീന്റെ വധശിക്ഷ ടെക്സാസ്സിൽ നടപ്പാക്കിയിരുന്നു

ടെക്‌സാസിൽ നിന്ന് അലബാമയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ബ്രൗൺ.
ജോസ് തോവറിൽനിന്നും ഭാര്യ റേച്ചൽ ടോവറിൽനിന്നും മയക്കുമരുന്ന് വാങ്ങിയിരുന്നതായും അധികൃതർ പറഞ്ഞു.

32 കാരനായ ജോസ് തോവർ; ഭാര്യയുടെ 17 വയസ്സുള്ള മകൻ ഫ്രാങ്ക് ഫാരിയസ്; റേച്ചൽ തോവറിന്റെ മറ്റൊരു മകന്റെ ഗർഭിണിയായ കാമുകി 19 വയസ്സുള്ള ജെസിക്ക ക്വിനോൻസ്; ഒപ്പം 21 വയസ്സുള്ള അയൽവാസിയായ ഓഡ്രി ബ്രൗന്നുമാണ് മയക്കുമരുന്ന് മോഷണത്തിനിടെ കൊല്ലപ്പെട്ടത് .നാലുപേരെയും കെട്ടിയിട്ട് തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു. റേച്ചൽ തോവറിനും മറ്റൊരാൾക്കും വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

വെടിവയ്പ്പിലെ ബ്രൗണിന്റെ കൂട്ടാളികളിലൊരാളായ മരിയോൺ ഡഡ്‌ലിയെ 2006-ൽ വധിച്ചു. മൂന്നാമത്തെ പ്രതിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു.

Author