മോദി ഭരണം കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് വേണ്ടി : വിഡി സതീശന്‍

Spread the love

തിരു : സുഹൃത്തുക്കളായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധബന്ധവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ എഐസിസി ആഹ്വാന പ്രകാരം കെപിസിസി സംഘടിപ്പിച്ച ചലോ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മോദിയുടെ ഭരണത്തില്‍ വെറും മൂന്ന് വര്‍ഷം കൊണ്ട് അദാനിയുടെ സമ്പത്തില്‍ 120 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി.അദാനിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് മോദി കുടപിടിക്കുന്നു.ഓഹരി വിപണിയില്‍ കൃത്രിമ കണക്ക് പെരുപ്പിച്ച് കാണിച്ച് വന്‍ തട്ടിപ്പ് നടത്തിയ അദാനി ഗ്രൂപ്പിന് വേണ്ടി എല്‍ െഎസി

പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപം വരെ മോദി തീറെഴുതി നല്‍കി. ദേശസാല്‍കൃത ബാങ്കുകള്‍ വന്‍ തുകകളാണ് ഉൗതിവീര്‍പ്പിച്ച അദാനിയുടെ കടലാസ് കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കിയത്.തുറമുഖങ്ങളും വിമാനകമ്പനികളും മോദി സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് അദാനി കെെക്കലാക്കി.

ഇന്ത്യന്‍ ജനസംഖ്യയില്‍ 70 കോടി സാധാരണക്കാരുടെ സ്വത്തിന് തുല്യമാണ് മോദി ഭരണത്തില്‍ 21 ധനികരുടെ ആസ്തി. ലേബര്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. സാധാരണക്കാരന്‍ ഉപജീവനത്തിനായി വായ്പയെടുത്ത് ജീവിതപ്രതിസന്ധി കൊണ്ട് തിരിച്ചടയ്ക്കാന്‍ വെെകിയാല്‍ ബാങ്കുകളെ വീട്ട് മുറ്റത്തേക്ക് അയക്കുന്ന മോദി ഭരണകൂടം കോര്‍പ്പറേറ്റുകള്‍ കോടികള്‍ കടമെടുത്ത് കടന്നുകളഞ്ഞിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധാരണക്കാരന്‍റെ നികുതിപ്പണം എടുക്കുകയും പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയും ചെയ്യുന്നു.പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പാചകവാതകത്തിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. നാണ്യപ്പെരുപ്പം വര്‍ധിക്കുന്നു. ലക്ഷക്കണക്കിന് ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടുകയും സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസ്ഥയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

മ്യൂസിയം ജംഗ്ഷനില്‍ നിന്നും രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നു.രമേശ് ചെന്നിത്തല,എംഎം ഹസ്സന്‍,ടി.യു.രാധാകൃഷ്ണന്‍, പി.ജെ.കുര്യന്‍, എന്‍.ശക്തന്‍,വിപി സജീന്ദ്രന്‍,കെ.പി.ശ്രീകുമാര്‍,മരിയാപുരം ശ്രീകുമാര്‍,ജി.എസ് ബാബു,ജി.സുബോധന്‍,പഴകുളം മധു, എംഎം നസീര്‍,അബ്ദുള്‍ മുത്തലിബ്, പാലോട് രവി,ശരത് ചന്ദ്രപ്രസാദ്, വര്‍ക്കല കഹാര്‍, എംഎല്‍എമാരായ എം.വിന്‍സന്‍റ്, റോജി എം ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author