നിയമസഭയില്‍ നടപ്പാക്കുന്നത് സ്പീക്കറെ പരിഹാസപാത്രമാക്കിയുള്ള കുടുംബ അജണ്ട – പ്രതിപക്ഷ നേതാവ്

Spread the love

നിയമസഭ മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനം.

പി.ആര്‍ വര്‍ക്ക് നടത്തിയിട്ടും മുഖ്യമന്ത്രിക്ക് മരുമകന്‍ ഷംസീറിനൊപ്പം എത്തുന്നില്ലെന്ന ആധി; മനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ പ്രതിപക്ഷത്തെ പരിഹസിക്കേണ്ട; പ്രതിപക്ഷാംഗങ്ങളെ ആക്രമിച്ച സി.പി.എം എം.എല്‍.എമാര്‍ക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണം

ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയ്ക്കുള്ളിലും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നത്. തുടര്‍ച്ചയായി നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുന്നത്. ഇന്ന് ഒരു കാരണവുമില്ലാതെയാണ് നോട്ടീസ് നിഷേധിച്ചത്. മുഖ്യമന്ത്രി മറുപടി

പറയേണ്ട ഒരു കാര്യത്തിലും റൂള്‍ 50 നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണ്. സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള കുടുംബ അജണ്ടയാണ് കുറെ ദിവസങ്ങളായി നടക്കുന്നത്. മരുമകന് വേണ്ടി പി.ആര്‍ വര്‍ക്ക് ചെയ്തിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ലെന്ന ആധിയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സ്പീക്കറെ പരിഹാസപാത്രമാക്കിയും പ്രതിപക്ഷത്തിന്റെ ശത്രുവാക്കിയും നിയമസഭാ നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന കുടുംബ അജണ്ടയാണ് ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്നത്.

പേപ്പര്‍ ടേബിള്‍ ചെയ്യാന്‍ സ്പീക്കര്‍ വിളിച്ചപ്പോള്‍ അതിന് പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നാണ് റിയാസ് ആക്ഷേപിച്ചത്. അതിനുള്ള എന്ത് അധികാരമാണ് അയാള്‍ക്കുള്ളത്? മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളത്? മനപൂര്‍വ്വം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് നടത്തിയത്.

ചേങ്കോട്ട്‌കോണത്ത് 16 വയസുള്ള ഒരു പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ മുടിക്ക് കടന്നു പിടിച്ചു. അതിനെതിരെ പ്രതികരിച്ചപ്പോള്‍ പെണ്‍കുട്ടിയെ വഴിയിലിട്ട് ചവിട്ടിക്കൂട്ടുകയും ചെയ്തു. ഇതുപോലൊരു സംഭവം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് വ്യാപകമായി സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയുമാണ്. ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് കേരളത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇത് നിയമസഭയില്‍ അല്ലാതെ എവിടെപ്പോയി പറയും? ഇത് കൗരവസഭയാണോ, അതോ നിയമസഭയാണോ? ഇതുപോലൊരു വിഷയം അവതരിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിനാണ് നിയമസഭ കൂടുന്നത്? അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കാന്‍ ആഭ്യന്തരമന്ത്രിക്ക് സൗകര്യമില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നത്? മകളുടെ പ്രായമുള്ളൊരു പെണ്‍കുട്ടി തലസ്ഥാനനഗരിയില്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ട സംഭവം ഗൗരവമുള്ളതല്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് ഗൗരവമുള്ള കാര്യം എന്താണ്?

പ്രതിപക്ഷത്തെ നിരന്തരമായി അപമാനിക്കുകയാണ്. പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടക്കുമെന്ന ധിക്കാരമാണ്. പാര്‍ലമെന്റില്‍ മോദിയുടെ അതേ രീതിയാണ് കേരള നിയമസഭയിലും നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ അഹങ്കാരം അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുകയാണ്.

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷം എത്തിയത്. ഇരുന്ന് പ്രതിഷേധിച്ചവരെയാണ് ചീഫ് മാര്‍ഷലിന്റെയും അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെയും വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും നേതൃത്വത്തില്‍ ആക്രമിച്ചത്. സീനിയര്‍ അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ആദ്യം ആക്രമിച്ചത്. അതിനൊപ്പം ഭരണകക്ഷി എം.എല്‍.എമാരും മന്ത്രിമാരുടെ സ്റ്റാഫുകളും ചേര്‍ന്നാണ് പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ചത്. എം.എല്‍.എമാരായ സനീഷ് കുമാര്‍, എ.കെ.എം അഷറഫ്, ടി.വി ഇബ്രാഹിം, കെ.കെ രമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെ.കെ രമയുടെ കൈ തിരിച്ച് പിടിച്ച് ആറ് വനിതാ പൊലീസുകാരാണ് വലിച്ചിഴച്ചത്. എല്‍.ഡി.എഫ് എം.എല്‍.എമാരായ സലാമും സച്ചിന്‍ദേവും ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ചു. പ്രതിഷേധം നടത്തിയപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് പ്രതിപക്ഷ എം.എല്‍.എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നു. ബോധരഹിതനായതിനെ തുടര്‍ന്നാണ് സനീഷ് കുമാര്‍ എം.എല്‍.എ ആശുപത്രിയിലേക്ക് മാറ്റിയത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഇവര്‍ ധിക്കാരം കാട്ടുന്നത് ആരോടാണ്? ഇതിന് മുന്‍പും സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. തുടര്‍ഭരണത്തിന്റെ ധിക്കാരമാണ് സര്‍ക്കാര്‍ കാട്ടുന്നത്. സര്‍ക്കാരിന് ഇഷ്ടമുള്ളത് മാത്രം പറയാനല്ല പ്രതിപക്ഷം നിയമസഭയില്‍ വരുന്നത്.

സ്പീക്കറെ ഭീഷണിപ്പെടുത്തുകയും നിസഹായനാക്കുകയും ചെയ്യുന്നത് കുടുംബ അജണ്ടയും ഗൂഡാലോചനയുമാണ്. പ്രതിപക്ഷ ലക്ഷ്യമാക്കി സ്പീക്കറെ മാറ്റാനുള്ള കുടുംബ അജണ്ട ഞങ്ങളോട് വേണ്ട. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്ന രീതി മാത്രമാണ് പ്രതിപക്ഷം നടത്തിയിട്ടുള്ളത്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ചാല്‍ നിയമസഭാ മന്ദിരം ഇടിഞ്ഞ് വീഴുമോ? മാര്‍സിറ്റുകാരായ ഉദ്യോഗസ്ഥരാണ് അതിക്രമം കാട്ടിയത്. അവര്‍ക്കെതിരെ നടപടി എടുക്കണം. പ്രതിപക്ഷാംഗങ്ങളെ ആക്രമിച്ച സലാമിനും സച്ചിന്‍ദേവിനും ഡെപ്യൂട്ടി മാര്‍ഷലിനും എതിരെ നടപടി വേണം.

ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് കുത്തിയിരുന്ന് പ്രതിഷേധിച്ച വാച്ച് ആന്‍ഡ് വാര്‍ഡ് കൈകാര്യം ചെയ്തത്. അവിടെ ഭരണപക്ഷം എം.എല്‍.എമാര്‍ക്ക് എന്താണ് കാര്യം? പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അലങ്കോലപ്പെടുത്താന്‍ പത്ത് എം.എല്‍.എമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ഇത്ര പേടിക്കുന്നത് എന്തിനാണ്. ഞങ്ങള്‍ 41 പേരല്ലേയുള്ളൂ. നിങ്ങള്‍ 99 പേരുണ്ടല്ലോ. പ്രതിരോധത്തിലാകുന്നത് സര്‍ക്കാരിന് സഹിക്കാനാകുന്നില്ല. എത്രയും വേഗം സഭ നിര്‍ത്തിപ്പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 99 പേരുണ്ടായിട്ടും ഭരണപക്ഷം ഭീരുക്കളെ പോലെയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് പണ്ട് എല്‍.എഡി.എഫ് ചെയ്തതു പോലെ സ്പീക്കറുടെ ഡയസിലേക്ക് കയറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.

ഒരു സ്പീക്കര്‍ക്കും ഇതുപോലെ ചെയ്യേണ്ടി വന്നിട്ടില്ല. ഇന്നലെ യു.ഡി.എഫ് സംഘം സ്പീക്കറെ കണ്ടപ്പോള്‍ അദ്ദേഹം തന്റെ നിസഹായത പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കൊണ്ടാണാ സ്പീക്കര്‍ ഇങ്ങനെ പെരുമാറുന്നത്. പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സ്പീക്കറാണ്. മഫ്തിയില്‍ പൊലീസ് നിയമസഭയില്‍ കയറുന്നതും പരിശോധിക്കേണ്ടതുണ്ട്. അവകാശങ്ങള്‍ അനുവദിച്ച് കിട്ടുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ തീരുമാനം ആകാതെ ഒന്നുമായും സഹകരിക്കില്ല. ഡെമോക്ലീസിന്റെ വാള്‍ പോലെ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളിലുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും തലയിലേക്ക് വീഴാം. അതുകൊണ്ട് എത്രയും വേഗം നിയമസഭ നിര്‍ത്തിപ്പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി ആകാശവാണിയാണോ? ചട്ടം 300 പ്രസ്താവനയില്‍ അങ്ങോട്ട് ചോദിക്കാനാകില്ല. പ്രതിപക്ഷ നേതാവിന് പോലും ചോദ്യം ചെയ്യാനാകില്ല. മുഖ്യമന്ത്രിക്ക് വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും ഭയമാണ്. ഇന്നലെയും മിനിയാന്നും ഇതേവിഷയം വന്നപ്പോള്‍ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. വിവാദ കമ്പനിക്ക് വേണ്ടി ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. നെതര്‍ലെന്‍സില്‍ മുഖ്യമന്ത്രി ഈ കമ്പനി പ്രതിനിധികളെ കണ്ടെന്നും ചില ഇടപാടുകള്‍ നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേക്കുറിച്ചൊന്നും മുഖ്യമന്ത്രി ഒരു മറുപടിയും പറഞ്ഞില്ല. കമ്പനിയെ കുറിച്ചും മിണ്ടിയില്ല. മക്കളും മരുമക്കളുമൊക്കെ ചേര്‍ന്ന് നാട് കൊള്ളയടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇനിയും കഥകള്‍ പുറത്ത് വരാനുണ്ട്.

പ്രതിപക്ഷ പ്രതിഷേധം സഭ ടി.വിയില്‍ കാണിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്നും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്പീക്കര്‍ അനുകൂല നടപടി എടുത്തില്ലെങ്കില്‍ സഭ ടി.വിയെ ബഹിഷ്‌ക്കരിക്കാനും അതുമായി സഹകരിക്കേണ്ടതില്ലെന്നും തീരുമാനമെടുക്കും. പാര്‍ലമെന്റിലും ഇങ്ങനെയാണെന്നാണ് പറയുന്നത്. ഡല്‍ഹിയില്‍ നടക്കുന്നതെല്ലാം ഇവിടെ പകര്‍ത്താനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണ്. അദ്ദേഹം ഉള്ളില്‍ ആരാധിക്കുന്നതും മോദിയെയാണ്.

Author