ബി.ജെ.പിയുമായുള്ള അന്തര്‍ധാരയെ കുറിച്ച് മന്ത്രി റിയാസ് മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ മതി

Spread the love

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

തിരുവനന്തപുരം : നിയമസഭയില്‍ ഇന്നലെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തിലും നിയമസഭയിലും ആവശ്യപ്പെട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് എം.എല്‍.എമാരെ സി.പി.എം എം.എല്‍.എമാരും വാച്ച് ആന്‍ഡ് വാര്‍ഡും

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും മര്‍ദ്ദിച്ചത്. കെ.കെ രമയുടെ കൈയ്യൊടിഞ്ഞു. 51 വെട്ട് വെട്ടി കൊന്നിട്ടും ടി.പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ അവരെ കാല് മടക്കി തൊഴിച്ച ഭരണപക്ഷ എം.എല്‍.എ സഭയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെയാണ് നിയമസഭയുമായി യോജിച്ച് പോകാനാകുന്നത്? വനിതാ എം.എല്‍.എയെ കാല് മടക്കി തൊഴിച്ച അമ്പലപ്പുഴ എം.എല്‍.എയ്ക്കും സച്ചിന്‍ദേവ് എം.എല്‍.എയ്ക്കും എതിരെ നടപടിയെടുക്കണം. പ്രകോപനമുണ്ടാക്കിയ ഡെപ്യൂട്ടി ചീഫ് മാര്‍ഷലിനെതിരെയും നടപടി സ്വീകരിക്കണം.

അടിയന്തിര പ്രമേയങ്ങളിലൂടെ വിഷയങ്ങള്‍ അവതരിപ്പിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. എന്നാല്‍ കുറെ ദിവസമായി മുഖ്യമന്ത്രിക്ക് ഇത് അലോസരവും അസൗകര്യവും ഉണ്ടാക്കുന്നു. ഇന്നത്തെ സര്‍വകക്ഷിയോഗത്തിലും ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് തരുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അങ്ങനെ ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റാനല്ല പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണ്. അടിയന്തിര പ്രമേയ ചര്‍ച്ചകളെ പേടിയാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിക്കൂട്ടിലാകുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കില്ലെന്ന നിലപാടെടുത്തിരിക്കുന്നത്.

ഐ.ജി.എസ്.ടി, കെ.എസ്.ആര്‍.ടി.സി, എറണാകുളത്തെ ലാത്തിച്ചാര്‍ജ്, പെണ്‍കുട്ടിക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒരു കാരണവും ഇല്ലാതെയാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കുന്നു എന്നതാണ്

സ്പീക്കറിനെതിരായ പ്രതിപക്ഷത്തിന്റെ പരാതി. ഒരു കാരണവശാലും ചര്‍ച്ച ഇല്ലെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി അടിയന്തിര പ്രമേയം വേണമെങ്കില്‍ മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രിക്ക് അസൗകര്യമില്ലാത്ത കാര്യങ്ങള്‍ മാത്രം അനുവദിക്കും. അങ്ങനെയുള്ള ഔദാര്യം കൈപ്പറ്റാന്‍ വേണ്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വാലാട്ടി നില്‍ക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്ന് ഓര്‍മ്മിപ്പിക്കുന്നു. അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശത്തില്‍ കൈകടത്തിയുള്ള ഒരു ഒത്തുതീര്‍പ്പും അനുവദിക്കില്ല. പിണറായി വിജയന്‍ മോദിക്ക് പഠിക്കുന്നുവെന്നാണ് നേരത്തെ എല്ലാവരും പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ മോദിക്കും മേലെ സ്റ്റാലിന്‍ ആകാനുള്ള ശ്രമമാണ് നടത്തുന്നത്.

സഭാ ടിവിയില്‍ പ്രതിപക്ഷ പ്രതിഷേധം കാണിക്കില്ല, അടിയന്തിര പ്രമേയ ചര്‍ച്ച അനുവദിക്കില്ല എന്നതൊക്കെയുള്ളത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഭരണപക്ഷം പറയുന്ന അനുവദിക്കുന്ന അവസരങ്ങളില്‍ മാത്രം പ്രതിപക്ഷം സംസാരിക്കണം എന്ന നിലയിലേക്ക് കേരള നിയമസഭയുടെ നിലവാരം, സഭാനാഥനായ മുഖ്യമന്ത്രി ഇടിച്ച് താഴ്ത്തുകയാണ്. അതിനോട് യോജിക്കാനാകില്ല. സഭാ ടിവിയുമായി സഹകരിക്കേണ്ടതില്ലെന്നതാണ് പ്രതിപക്ഷ തീരുമാനം. സഭാ ടി.വിയുടെ ഉന്നതതല സമതിയിലുള്ള പ്രതിപക്ഷ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, എം. വിന്‍സെന്റ്, റോജി എം. ജോണ്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ രാജിവയ്ക്കും.

സ്പീക്കറെ തടയില്ലെന്നും മുറിയിലേക്ക് കയറില്ലെന്നും ഉറപ്പ് നല്‍കിയാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അവിടെ ഭരണകക്ഷി എം.എല്‍.എമാര്‍ക്ക് എന്താണ് കാര്യം? ആദ്യമായല്ല ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്ന ഡെപ്യൂട്ടി ചീഫ് മാര്‍ഷലിന് അഭിനയത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നല്‍കണം. ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ ഷൂ ഇട്ടാണ് എം.എല്‍.എയുടെ നെഞ്ചത്ത് ചവിട്ടിയത്. എല്ലാവരെയും ചവിട്ടിമെതിച്ചിട്ടാണ് അയാള്‍ ആശുപത്രിയില്‍ കിടക്കുന്നത്. സി.പി.എം ഗുണ്ടയെ പോലെയാണ് അയാള്‍ പെരുമാറിയത്.

പേപ്പര്‍ ടേബിള്‍ ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞത് എന്ത് മര്യാദയാണ്? ഇന്നലെ അദ്ദേഹം പറഞ്ഞതില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അത് അംഗീകരിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാക്കന്‍മാരായിരുന്നവരുടെ പാരമ്പര്യമൊന്നും ഇല്ലെന്നു പറഞ്ഞത് സത്യമാണ്. പി.ടി ചാക്കോ മുതല്‍ രമേശ് ചെന്നിത്തല വരെയുള്ളവരുടെ ശ്രേണിയില്‍പ്പെട്ട ഒരാളല്ല ഞാന്‍. അവരെല്ലാം ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന അഭിമാനമുണ്ട്. അവരൊന്നും പ്രവര്‍ത്തിക്കുന്ന രീതിയിലല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ പക്ഷെ സ്‌പോണ്‍സേര്‍ഡ് സീരിയലില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുമായുള്ള അന്തര്‍ധാരയെ കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ മതി. ഗോപാലന്‍കുട്ടിയെയും വത്സന്‍ തില്ലങ്കേരിയെയും കാണാന്‍ കാറ് മാറി കയറി പോയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാചകവാതക വിലക്കയറ്റത്തിനെതിരെയും മോദിയുടെ കേരളം പിടിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെയും ഒന്നും പറഞ്ഞില്ലെന്നതാണ് മറ്റൊരു ആരോപണം. മന്ത്രി വല്ലപ്പോഴുമൊക്കെ പത്രം വായിക്കുന്നത് നല്ലതാണ്. ലാവലിന്‍ കേസിലും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ കേസുകളിലും ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിനൊക്കെ പകരമായാണ് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കിയത്. സ്വപ്‌ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവന്‍ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയ്ക്കാത്ത ആളിന്റെ നട്ടെല്ലാണോ വാഴപ്പിണ്ടിയും വാഴനാരുമെന്നാണ് ആലോചിക്കേണ്ടത്. ഞാന്‍ ജയിലില്‍ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എം.എല്‍.എയായി കാല്‍ നൂറ്റാണ്ടോളം ആകുകയാണെങ്കിലും അദ്ദേഹത്തിന്റെ അത്രയും ഭാഗ്യം എനിക്കില്ല. ആദ്യം എം.എല്‍.എ ആയപ്പോള്‍ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പരിണിതപ്രജ്ഞരായ ആളുകള്‍ നിരവധിയുള്ളപ്പോള്‍ പെട്ടന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിന്റെ പരിഭ്രമം കൊണ്ടാകാം അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്.

അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രണ്ടു തവണ മറുപടി പറയാനുള്ള അവസരം ഉണ്ടായിട്ടും എന്തിനാണ് ഭയപ്പെടുന്നത്. പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗത്തിന് ശേഷവും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രസംഗിക്കാനുള്ള അവസരമുണ്ടാക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അതിന് വേണ്ടി നിയമം ഭേദഗതി ചെയ്യാനുള്ള ആലോചനകളാണ് നടക്കുന്നത്. സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന രീതിയിലേക്ക് അടിയന്തിര പ്രമേയ ചര്‍ച്ച പോകുന്നത് കൊണ്ടാണ് അത് വേണ്ടെന്നു വയ്ക്കുന്നത്. എല്ലാ ഏകാധിപതികളും ഇതുതന്നെയാണ് ചെയ്യുന്നത്. ശല്യമായി തുടങ്ങിയതു കൊണ്ടാണ് അടിയന്തിര പ്രമേയം സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുന്നത്.

ബ്രഹ്‌മപുരത്തെ തീ അണഞ്ഞാലും വിഷവാതകം അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒന്നും ചെയ്തില്ല. മന്ത്രിമാര്‍ നിരുത്തരവാദപരമായ പെരുമാറുമ്പോഴാണ് അവരെ വിമര്‍ശിക്കുന്നത്. അത് എങ്ങനെ വ്യക്തിപരമാകും? ആരോഗ്യമന്ത്രിയുടെ കെടുകാര്യസ്ഥതയും അനാസ്ഥയും പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷ എം.എല്‍.എയും ചൂണ്ടിക്കാട്ടി. എം.ബി രാജേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കരാറുകാരെ പത്ത് മിനിട്ടോളം ന്യായീകരിച്ചു. അപ്പോള്‍ പിന്നെ ആ കമ്പനിയുടെ വക്കീലാണോയെന്ന് ചോദിക്കേണ്ടി വരും. ഇതിനും മുന്‍പും നിയമസഭയില്‍ എത്രയോ നേതാക്കളുമായി സംവദിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത അസ്വസ്ഥതയാണ് ഇപ്പോള്‍ കാട്ടുന്നത്. വിമര്‍ശിക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിലയിലേക്ക് മന്ത്രിമാരും മാറിയിരിക്കുകയാണ്. ബ്രഹ്‌മപുരത്ത് സര്‍ക്കാര്‍ കാണിച്ചു കൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും.

കെ.കെ രമയുടെ കൈയ്യൊടിച്ചിട്ടും സോഷ്യല്‍ മീഡിയയിലും സി.പി.എം പ്രചരണം നടത്തുകയാണ്. അവരുടെ ഒടിവില്ലാത്ത കയ്യിലാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ അതിന് മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണ്. മുഖ്യമന്ത്രി എല്ലാത്തിലും അസ്വസ്തനാണ്. പ്രതിപക്ഷാംഗങ്ങള്‍ പ്രസംഗിക്കുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബഹളമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിയിരുന്നപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിക്കുമ്പോള്‍ ഒരു തവണ ഒഴികെ ഭരണപക്ഷത്തെ ആരും അദ്ദേഹത്തെ തടസപ്പെടുത്തിയിട്ടില്ല. മന്ത്രിയുടെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ചാല്‍ അത് സ്ത്രീത്വത്തോടുള്ള അവഹേളനമാകുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കില്‍ അവര്‍ക്കെതിരെ ഒന്നും മിണ്ടാന്‍ പറ്റില്ലല്ലോ. നടപ്പിലും ചിരിയിലും സംസാരത്തിലുമൊക്കെ ആര്‍ക്കാണ് കാപട്യമുള്ളതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

 

 

 

Author