കര്‍ഷക അവഗണനയ്‌ക്കെതിരെ പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വര്‍ഗീയവിഷം ചീറ്റണ്ട : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: കാര്‍ഷികമേഖല നിരന്തരം നേരിടുന്ന അവഗണനയ്‌ക്കെതിരെ ക്രൈസ്തവ സഭാദ്ധ്യക്ഷന്മാര്‍ ശക്തമായി പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വര്‍ഗ്ഗീയവിഷം ചീറ്റി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നത് പാപ്പരത്തമാണെന്നും റബറിന് 300 രൂപ വില ലഭിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി പങ്കുവെച്ചത് കര്‍ഷകസമൂഹമിന്ന് നേരിടുന്ന കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും രോദനവും വേദനയുമാണ്. അതിനെ വര്‍ഗ്ഗീയവും സാമുദായികവുമായി ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത് മത രാഷ്ട്രീയ വിദ്വേഷികളാണ്. കാര്‍ഷിക പ്രതിസന്ധികള്‍ക്ക് മതവും ജാതിയും

വര്‍ഗ്ഗവുമില്ല. കാര്‍ഷികവിലത്തകര്‍ച്ചയും, വന്യമൃഗ അക്രമങ്ങളും, ബഫര്‍സോണ്‍, പരിസ്ഥിതിലോലം, പട്ടയം തുടങ്ങി ഭൂപ്രശ്‌നങ്ങളും ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. ജനങ്ങളുടെ ജീവനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തി ഒരു സമൂഹമൊന്നാകെ കാലങ്ങളായി നേരിടുന്ന പ്രശ്‌നമാണ് ഉയര്‍ത്തപ്പെട്ടത്. രാജ്യവും സംസ്ഥാനവും ഭരിക്കുന്നവരോട് ഇക്കാര്യം പൊതുസമൂഹത്തില്‍വെച്ച് സധൈര്യം തുറന്നുപറയുന്നതും വേദനിക്കുന്ന കര്‍ഷകസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി അവരുടെ നിലനില്പിനായി ശബ്ദമുയര്‍ത്തുന്നതും കര്‍ഷകജനതയ്ക്ക് പ്രതീക്ഷയേകും.

കര്‍ഷകരെ വേണ്ട, അവര്‍ വോട്ടുചെയ്യുന്ന ഉപകരണവും അടിമകളുമായി ജീവിച്ചാല്‍ മതിയെന്ന രാഷ്ട്രീയകുതന്ത്രം ഇനിയും വിലപ്പോവില്ല. രാഷ്ട്രീയ അടിമത്വത്തിന്റെയും വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെയും കാലം കഴിഞ്ഞു. സംഘടിത നിലപാടുകളിലേയ്ക്ക് സംഘടിച്ചുനീങ്ങുന്നില്ലെങ്കില്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് കര്‍ഷകര്‍ അനുഭവങ്ങളിലൂടെ തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. ക്രൈസ്തവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തീവ്രവാദ അക്രമങ്ങളെയും കേരള കര്‍ഷകസമൂഹം നേരിടുന്ന കാര്‍ഷികത്തകര്‍ച്ചയേയും പരസ്പരം പൂരകങ്ങളായി കോര്‍ത്തിണക്കി ആക്ഷേപിക്കുവാന്‍ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്.

ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ചവരുടെ കര്‍ഷകവിരുദ്ധ സമീപനം കര്‍ഷകര്‍ മറന്നിട്ടില്ല. ലോകവ്യാപാരക്കരാറിലും ആസിയാന്‍ കരാറിലും റബര്‍കര്‍ഷകനെ തീറെഴുതിക്കൊടുത്തവരാരെന്നും റബറിന് 250 രൂപ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചവരാരെന്നും റബര്‍കര്‍ഷകര്‍ക്കറിയാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് തലേദിവസമിറക്കുന്ന വാഗ്ദാനങ്ങളില്‍ വീഴാന്‍മാത്രം മണ്ടന്മാരല്ല സാക്ഷരകേരളത്തിലെ കര്‍ഷകസമൂഹം. പ്രകടനപത്രികകള്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കപ്പുറം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും കര്‍ഷകര്‍ തിരിച്ചറിയുന്നു.

കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് 6 മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ ഭൂമി പണയപ്പെടുത്തി കേരളബാങ്കില്‍നിന്ന്, വിറ്റനെല്ലിന് കിട്ടാനുള്ള പണം ലോണെടുക്കുന്ന ഗതികേടിലേയ്ക്ക് നെല്‍കര്‍ഷകരെ തള്ളിവിട്ടവര്‍ ഡല്‍ഹിയില്‍ പോയി കര്‍ഷകരക്ഷയ്ക്കായി സമരം ചെയ്യുന്നത് വിരോധാഭാസമാണ്. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലുമിറങ്ങി മനുഷ്യനെ കടിച്ചുകീറുമ്പോള്‍ എത്രനാള്‍ നിശബ്ദരായിട്ടിരിക്കാനാവും. രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ അവഗണനയില്‍ നിരന്തരം കബളിപ്പിക്കപ്പെടുന്ന കര്‍ഷകരുടെ സംഘടിത ശബ്ദം ഇനിയും ഉയരുമെന്നും ജീവനും ജീവിതത്തിനും വെല്ലുവിളിയുയരുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതിനെ അധികാരകേന്ദ്രങ്ങള്‍ ആക്ഷേപിക്കാന്‍ തുനിഞ്ഞാല്‍ ഭാവിയില്‍ വലിയവില നല്‍കേണ്ടിവരുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Author