നികുതിക്കൊള്ളക്കെതിരെ ഏപ്രിൽ ഒന്നിന് യുഡിഎഫ് കരിദിനമെന്ന് എംഎം ഹസ്സന്‍

Spread the love

ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുക ആയിരുന്നു അദ്ദേഹം.

മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും പകൽസമയത്ത് യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. ഇടതു സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ സർക്കാരിന്‍റെ ഭരണപരാജയത്തിനും ജനദ്രോഹ ഭരണത്തിനും എതിരായ കുറ്റപത്രം സമര്‍പ്പിച്ച് ആയിരകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചു.തിരദേശ ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സമര രംഗത്തിലും യുഡിഎഫ് സജീവ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ അക്രമവും ലെെഫ് മിഷനിലെ അഴിമതിയും ബ്രഹ്മപുരം തീപിടിത്തത്തിലെ ക്രമക്കേട് എന്നിവ സംബന്ധിച്ചും പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയങ്ങള്‍ക്ക് നിയമസഭയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് അവകാശങ്ങള്‍ നിലനിര്‍ത്താനായി സമരം നടത്തിയത്. അതേതുടര്‍ന്ന് ധനവിനിയോഗ ബില്ല് ഉള്‍പ്പെടെ ഗില്ലറ്റിന്‍ ചെയ്ത് സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട നടപടി പാര്‍ലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്നും ഹസ്സന്‍ പറഞ്ഞു.

പാർലമെന്‍ററി ജനാധിപത്യത്തെ നിയമസഭാ സ്പീക്കർ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ആരാച്ചാരായി ചരിത്രത്തില്‍ രേഖപ്പെടുത്തും.നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു കഴിഞ്ഞ ദിവസമെന്നും മുഖ്യമന്ത്രി സ്പീക്കറെ വരുതിയിലാക്കി പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ബലാത്സംഗം ചെയ്ത സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റടുത്ത് ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്രീകള്‍ക്കെതിരെയായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ മഹിളാ സംഘടനകള്‍ കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധം സംഘടിപ്പിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റ്ര്‍ മാനനഷ്ടക്കേസ് കൊടുത്തതുപോലെ സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസ് കൊടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും അതിന് മുഖ്യമന്ത്രിക്ക് ധെെര്യമുണ്ടെങ്കില്‍ ഗോവിന്ദന്‍ മാസ്റ്ററുടെ മാതൃത പിന്തുടരണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്കെതിരെ ഗോവിന്ദന്‍ മാസ്റ്റര്‍ നിയമനടപടിക്ക് തയ്യാറായത് മുഖ്യമന്ത്രിക്ക് നല്‍കിയ കൃത്യമായ സന്ദേശവും താക്കീതുമാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

റബ്ബര്‍ വില 250 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടും നാളികേര,നെല്ല് സംഭരണം എന്നിവയില്‍ കര്‍ഷകരോടുള്ള സര്‍ക്കാര്‍ ദ്രോഹത്തിനെതിരെ എല്ലാ വിഭാഗം കര്‍ഷകരെ സംഘടിപ്പിച്ചും മേയ് മാസത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. കോട്ടയം റബ്ബര്‍ ബോര്‍ഡിന്‍റെ ആസ്ഥാനത്തേക്ക് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ലോങ് മാര്‍ച്ചും കുറ്റ്യാടിയില്‍ നാളികേര കര്‍ഷകരുടെയും കുട്ടനാട്,പാലക്കാട് എന്നിവിടങ്ങളില്‍ നെല്‍ കര്‍ഷകരുടെയും കാര്‍സര്‍ഗോഡ് അടയ്ക്കാ കര്‍ഷകരുടെയും വയനാട്,ഇടുക്കി എന്നിവിടങ്ങളില്‍ റബ്ബര്‍,ഏലം,കുരുമുളക്,കാപ്പി കര്‍ഷകരുടെയും സമരം സംഘടിപ്പിക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്‍റെ പ്രസ്താവന കര്‍ഷകരുടെ വികാര പ്രകടനമാണെന്നും റബ്ബറിന്‍റെ വിലയിടിവിനെതിരെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ബിഷപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് യുഡിഎഫിന്‍റെ പിന്തുണ ഉണ്ടായിരിക്കുമെന്നും റബ്ബറിന്‍റെ വിലയിടിവിന് ഒന്നാം പ്രതി കേന്ദ്രസര്‍ക്കാരും രണ്ടാം പ്രതി സംസ്ഥാന സര്‍ക്കാരുമാണെന്നും ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Author