ഉത്സവകാലചന്തകള്‍ നിര്‍ത്തലാക്കിയത് കൊലച്ചതിയെന്ന് കെ.സുധാകരന്‍ എംപി

Spread the love

ചരിത്രത്തില്‍ ഇതാദ്യമായി ഈദ്-ഈസ്റ്റര്‍-വിഷു ചന്തകള്‍ മുടക്കി ജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലച്ചതിയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. 125 കോടി ചെലവിട്ട് സര്‍ക്കാര്‍ രണ്ടു മാസം നീളുന്ന വാര്‍ഷികമാമാങ്കം പൊടിപൊടിക്കുമ്പോഴാണ് സാധാരണക്കാര്‍ ഉത്സവനാളുകളില്‍ പട്ടിണിയിലേക്കും അര്‍ധപ്പട്ടിണിയിലേക്കും കൂപ്പുകുത്തിയത്. ജനങ്ങളോട് അല്‍പ്പമെങ്കിലും കരുതലുണ്ടെങ്കില്‍ 125 കോടിയുടെ വാര്‍ഷികാഘോഷ ധൂര്‍ത്തും വിദേശപര്യടനവും അടിയന്തരമായി റദ്ദാക്കി ആ തുകയ്ക്ക് ഉത്സവകാല ചന്തകള്‍ ആരംഭിക്കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

ഈദ്-ഈസ്റ്റര്‍-വിഷു ചന്തകള്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന കീഴ് വഴക്കമാണ് പിണറായി സര്‍ക്കാര്‍ കീഴ്‌മേല്‍ മറിച്ചത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈക്കോയുടെയും ഹോര്‍ട്ടികോര്‍പിന്റെയും നേതൃത്വത്തില്‍ നടത്തിവരാറുള്ള ചന്തകള്‍ ഇത്തവണ സര്‍ക്കാര്‍ വേണ്ടെന്നു വച്ചത് ഇരുചെവി അറിയാതെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കനത്ത നികുതിയും താങ്ങാനാവാത്ത ജീവിതച്ചെലവും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഉത്സവകാല ചന്തകള്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് സമാശ്വാസം പകര്‍ന്നിരുന്നു.

ഈദ്,ഈസ്റ്റര്‍,വിഷു എന്നീ മൂന്ന് ഉത്സവകാലം കൂടിയായിതിനാല്‍ നിത്യോപയോഗ സാധാനങ്ങള്‍ക്ക് വില വാണംപോലെ ഉയര്‍ന്നു. അരിവിലയില്‍ 30 ശതമാനം വര്‍ധനവുണ്ടായി. ആനുപാതിക വര്‍ധനവ് പച്ചക്കറി ഉത്പന്നങ്ങള്‍ക്കും ഉണ്ടായി. മരുന്നിനും മാംസാഹാരത്തിനും വിലവര്‍ധിച്ചു. വിലക്കയറ്റത്തിനെതിരേ ഉയരുന്ന ജനരോഷം 125 കോടി രൂപ പിആര്‍ ഏജന്‍സികള്‍ക്ക് നല്കി പിണറായി സ്തുതികളും പാലഭിഷേകവുംകൊണ്ട് മറികടക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാരിന്റെ ജനദ്രോഹ നികുതികള്‍ നിലവില്‍ വന്നത് മുതല്‍ ജനം വറുചട്ടിയില്‍ കിടന്ന് വെന്തുരുകയാണ്. 4000 കോടി രൂപയാണ് ജനത്തെ അധികമായി പിഴിഞ്ഞെടുക്കുന്നത്. ഇന്ധനത്തിന് രണ്ടു രൂപ അധികം ചുമത്തിയത് സമസ്തമേഖലയിലും വിലക്കയറ്റത്തിന് വഴിതെളിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാല്‍,ഇന്ധന,വെള്ളക്കരം,വൈദ്യുതിനിരക്ക്, ഭൂനികുതി,ഓട്ടോ ബസ്ചാര്‍ജ് തുടങ്ങിയവയിലെല്ലാം വന്‍ വര്‍ധനവുണ്ടാക്കി. അടിക്കടി പെട്രോളിയം ഉല്പന്നങ്ങള്‍ക്കും പാചകവാതക സിലണ്ടറുകള്‍ക്കും വിലവര്‍ധിപ്പിച്ച് കൂനിന് മേല്‍ക്കുരു എന്ന കണക്കെ മോദി സര്‍ക്കാരും ജനത്തിന് ഇരുട്ടടി സമ്മാനിക്കുന്നുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Author