സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നു

Spread the love

കൊച്ചി: ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ, ഇന്ത്യയിലുടനീളമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകൾ വഴി ഉപഭോക്താക്കൾക്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസിന്റെ വൈവിധ്യമാർന്ന ഇൻഷുറൻസ് ഉൽപ്പന്നങ്ങളും അവയുടെ പരിരക്ഷയും ലഭ്യമാകും. വ്യക്തിഗത അപകട പരിരക്ഷ, ഭവന-വസ്തു ഇൻഷുറൻസ്, കർഷക സംരക്ഷണം, ഇഎംഐ ഇൻഷുറൻസ്, ഗൃഹ പരിരക്ഷ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ഇൻഷുറൻസ് ഉൽപ്പന്നങ്ങളാണ് ലഭിക്കുക.

“ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ വിശ്വാസ്യതയെ കൂടുതലായി ആശ്രയിക്കുന്ന ഒരു ബാങ്കാണ്. അതിനാൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മൂല്യാധിഷ്‌ഠിത ഉൽപ്പന്നങ്ങൾ നൽകുവാനാണ് ഞങ്ങളുടെ ശ്രമം. ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തുടനീളം അവബോധം വർധിച്ചുവരുന്ന വേളയിൽ തന്നെയാണ് ഈ പങ്കാളിത്തം യാഥാർത്ഥ്യമായിരിക്കുന്നത്,” സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കുമായുള്ള ഈ ബാങ്കഷ്വറൻസ് പങ്കാളിത്തം എസ്എംഇ ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് ഉൽപ്പന്നങ്ങളും ബാങ്കിന്റെ റീട്ടെയ്ൽ ഉപഭോക്താക്കൾക്ക് നൂതന ഇൻഷുറൻസ് പരിരക്ഷകളും ലഭ്യമാക്കാൻ തങ്ങളെ സഹായിക്കുമെന്ന് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടർ സൂര്യനാരായണൻ വി. പറഞ്ഞു.

ഒമ്പത് പതിറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുള്ള എസ്ഐബി രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മികച്ച ഉപഭോക്തൃ അനുഭവം നൽകുന്ന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഡിജിറ്റൽ സേവനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയും നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചും എസ്ഐബി അതിവേഗം ഇന്ത്യയിലുടനീളം ഉപഭോക്തൃ ശൃംഖല വിപൂലീകരിച്ചുകൊണ്ടിരിക്കുകയാണ്.

ലൈഫ്, ആരോഗ്യം, ജനറൽ എന്നീ ഓരോ വിഭാഗങ്ങളിലും ഒമ്പത് പങ്കാളികളുമായി സഹകരിക്കാൻ കോർപറേറ്റ് ഏജന്റുമാർക്ക് അവസരമൊരുക്കുന്ന പുതിയ മാർഗനിർദേശങ്ങൾ 2022 നവംബറിലാണ് ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി പുറപ്പെടുവിച്ചത്. രാജ്യത്ത് ഇൻഷുറൻസ് വ്യാപനത്തേയും വളർച്ചയേയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ മാർഗനിർദേശങ്ങൾക്ക് ദീർഘകാല സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുപ്രകാരം വിപണിയിലുള്ള വൈവിധ്യമാർന്ന നിരവധി ഇൻഷുറൻസ് സേവനങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പരിരക്ഷ തിരഞ്ഞെടുക്കാനും അറിഞ്ഞ് തീരുമാനമെടുക്കാനും അവസരം ലഭിക്കുന്നു.

Report :  Anna Priyanka Roby

 

Author