ഒരു വർഷത്തിനകം കേരളം മാലിന്യ മുക്തം; ആദ്യ ഘട്ടം ജൂൺ അഞ്ചിന്: മുഖ്യമന്ത്രി

Spread the love

2024 മാർച്ചിനകം മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിൻ നാട് ഏറ്റെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ഘട്ടമായി ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണം പൗരധർമമായി ഏറ്റെടുക്കുന്ന സംസ്‌കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വകുപ്പു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മാലിന്യ സംസ്‌കരണത്തിൽ പുലർത്തേണ്ട ശ്രദ്ധയും പ്രാധാന്യവും കാണിക്കുന്ന ചൂണ്ടുപലകയാണു ബ്രഹ്‌മപുരത്തുണ്ടായ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യം ഉറവിടത്തിൽ തരംതിരിക്കാതെ കൂട്ടിക്കലർത്തി നിക്ഷേപിച്ചതാണു ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ കാരണം. ഒരുസ്ഥലത്തും ഇത് ആവർത്തിക്കാൻ പാടില്ല. ഉറവിടത്തിൽത്തന്നെ ജൈവമാലിന്യവും അജൈവ മാലിന്യവും വേർതിരിക്കുന്നുവെന്ന് ഉറപ്പാക്കണം. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കപ്പെടണം. ഇതിനു സൗകര്യമില്ലാത്തവർക്കായി പൊതുസംവിധാനം ഒരുക്കണം. അജൈവമാലിന്യം യൂസർഫീ നൽകി ഹരിതകർമ സേനയ്ക്കു കൈമാറണം.

മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇവ ശേഖരിക്കുന്നതിനു ഹരിതകർമസേനയെ നിയോഗിക്കണം. സർക്കാർ അംഗീകരിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള കലണ്ടർ അനുസരിച്ച് അജൈവമാലിന്യങ്ങൾ കൈമാറുന്നുവെന്നും ഹരിതകർമസേന അതു ശേഖരിക്കുന്നുവെന്നും ഉറപ്പാക്കണം. ‘ഹരിതമിത്രം’ ആപ്പ് ഇതിനായി ഉപയോഗിക്കണം. 400 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് മാലിന്യ ശേഖരണവും സംസ്‌കരണവും നടക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ‘ഹരിതമിത്രം’ ഉപയോഗിച്ച് മാലിന്യ ശേഖരണം നടക്കുന്നുവെന്ന് ഉറപ്പാക്കണം.

Author

Leave a Reply

Your email address will not be published. Required fields are marked *