രോഗികള്‍ പരാതി പറഞ്ഞു വൈദ്യുതി പ്രശ്നത്തിന് ഉടന്‍ പരിഹാരം.
തന്റെ മണ്ഡലത്തിലെ ആശുപത്രി വികസനം ചര്‍ച്ച ചെയ്യാന്‍ ഒരു ആരോഗ്യ മന്ത്രി നേരിട്ട് എത്തുന്നത് ആദ്യമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഇത് വളരെ നല്ല കാര്യമാണ്. അക്കാര്യത്തില്‍ മന്ത്രിയെ അഭിനന്ദിക്കുന്നു. ആശുപത്രി വികസനത്തിന് ഇതേറെ സഹായിക്കും. എംഎല്‍എ എന്ന നിലയില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കോട്ടയം കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് തിരുവഞ്ചൂര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ ഇക്കാര്യം അറിയിച്ചത്. തന്റെ മണ്ഡലത്തിലെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മന്ത്രിയോടൊപ്പം തിരുവഞ്ചൂര്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.
ചീഫ് വിപ്പ് പ്രൊഫ. ജയരാജ്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, സി.കെ. ആശ, ജോബ് മൈക്കിള്‍ തുടങ്ങിയവരും മന്ത്രിയെ അഭിനന്ദിച്ചു. പ്രായോഗിക പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് പരിഹരിക്കാന്‍ ഇങ്ങോട്ടെത്തുന്നത്, മന്ത്രി നടത്തുന്നത് വളരെ നല്ല ഇടപെടലാന്നെന്നും അവര്‍ അഭിനന്ദിച്ചു.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ വൈദ്യുതി പ്രശ്നത്തിന് മന്ത്രി ഇടപെട്ട് പരിഹാരം കണ്ടു. ഇന്നലെ കുറവിലങ്ങാട് ആശുപത്രിയിലെത്തിയപ്പോള്‍ പ്രായമുള്ള ആളുകള്‍ മന്ത്രിയോട് പറഞ്ഞത്, വൈദ്യുതി കൂടെക്കൂടെ പോകുന്നു എന്നാണ്. അവിടെയുണ്ടായിരുന്ന ജനറേറ്ററും ഇന്‍വര്‍ട്ടറും കേടായിരുന്നു. അതിനാല്‍ രണ്ടുമൂന്ന് ദിവസമായി കഷ്ടപ്പാടാണ്. അതിനാല്‍ ഒരു പരിഹാരം വേണമെന്നാണ് പറഞ്ഞത്. ഉടന്‍ തന്നെ മന്ത്രി ഇടപെടുകയും അടിയന്തരമായി ജനറേറ്റര്‍ ശരിയാക്കാന്‍ സൂപ്രണ്ടിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇക്കാര്യം ജില്ലാ കളക്ടറോടും അവലോകന യോഗത്തില്‍ പറഞ്ഞു. പഴയ കെട്ടിടത്തിലെ വയറിംഗ് പ്രശ്‌നം ആണെങ്കില്‍ വിദഗ്ധ പരിശോധന നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി. മൂലമറ്റത്തെ അറ്റകുറ്റപണി കാരണമാണ് മുഴുവന്‍ വൈദ്യുതി വിതരണത്തിലും കൂടുതല്‍ പ്രശ്നമായത്. അതും പരിഹരിച്ചു.
ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികളിലാണ് (ആകെ 9) ആദ്യ ദിവസം മന്ത്രി സന്ദര്‍ശിച്ചത്. ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായും ജനങ്ങളുമായും ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. നിര്‍മ്മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വാര്‍ഡുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടോയ്ലറ്റുകളിലെ ശുചിത്വവും വിലയിരുത്തി.
ഇന്നലെയെടുത്ത പ്രധാന തീരുമാനങ്ങള്‍ ഇവയാണ്.
· കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ഒരു ഷിഫ്റ്റ് കൂടി. 3 ഷിഫ്റ്റുകള്‍ ആരംഭിക്കണം.
· പാലാ ആശുപത്രിയിലും ഡയാലിസിസ് മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങണം.
· കാഞ്ഞിരപ്പള്ളിയില്‍ ഡയാലിസിസ് ഇല്ല. ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ച് സമയബന്ധിതമായി സാധ്യമാക്കണം.
· കാഞ്ഞിരപ്പള്ളിയില്‍ ഫാര്‍മസി, ഒപി ഭാഗങ്ങളിലുള്ള തിരക്ക് കുറയ്ക്കുവാന്‍ ഇ ഹെല്‍ത്ത് വരും വരെ താത്കാലിക ടോക്കണ്‍ സംവിധാനം, ആവശ്യമായ ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കും
· ജീവതശൈലി രോഗ ക്ലിനിക്കുകള്‍ പ്രത്യേക ദിവസങ്ങളില്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുവാന്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിപ്പിക്കും
· എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് തുടങ്ങും.
· കാഞ്ഞിരപ്പള്ളിയില്‍ കാരുണ്യ ഫാര്‍മസി ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങണം.
· ചങ്ങനാശേരി ആശുപത്രിയിലും ഡയാലിസിസ് ആരംഭിക്കും
· വൈക്കം, പാമ്പാടി തുടങ്ങിയയിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനം മാര്‍ച്ച് 2023 ഓടു കൂടി പൂര്‍ത്തീകരിക്കണം.
· ആശുപത്രികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. അനര്‍ട്ടിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി.