കോടനാട് യു.ഡി.എഫ് സംഘടിപ്പിച്ച ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് (10/04/2025).
എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയതു സംബന്ധിച്ച് മുഖ്യമന്ത്രി ക്ഷുഭിതനായാണ് സംസാരിച്ചത്. ക്ഷുഭിതനാകേണ്ട ഒരു കാര്യവുമില്ല. രാഷ്ട്രീയ പ്രേരിതമായല്ല ഈ കേസുണ്ടായത്. ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളാണ് ഇത്. പുറത്തുവന്ന വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നട്ടുള്ളതിനാല്‍ മണി ലോണ്‍ട്രിങ് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതാണ്. ഒരു സേവനവും നല്‍കാതെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകും. അതിന് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും എതിരെ ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് അതിനെ നോക്കിക്കാണേണ്ടത്. അതിനെ അദ്ദേഹം നിയമപരമായി നേരിടുന്നതിനോട് ഒരു വിയോജിപ്പുമില്ല. പക്ഷെ ഈ കേസ് സാധാരണ കേസ് പോലെ രാഷ്ട്രീയ പ്രേരിതമാണെന്നു പറയാന്‍ ഞങ്ങളില്ല.
മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞതും മോശമായിപ്പോയി. അറുപത് ദിവസമായി സമരം നടക്കുകയാണ്. ആശ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങളൊല്ലാ തെറ്റാണ്. ആശമാരെ നിയമിച്ചതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചില്ലെന്നതു ശരിയല്ല. 2019-ല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതു പോര. ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് യു.ഡി.എഫ് എം.പിമാര്‍ ശക്തമായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സമരക്കാര്‍ ഒത്തുതീര്‍പ്പിന് തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. 21000 രൂപയും റിട്ടയര്‍മെന്റ് ആനുകൂല്യമായി അഞ്ച് ലക്ഷം രൂപയും നല്‍കിയാലേ സമരത്തില്‍ നിന്നും ആശ പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നത് തെറ്റാണ്. ചര്‍ച്ചയ്ക്ക് വിട്ട മന്ത്രിമാരാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. തല്‍ക്കാലത്തേക്ക് മൂവായിരം രൂപയെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കണമെന്നും ചെറിയ തുകയെങ്കിലും റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കണമെന്നും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കണമെന്നുമാണ് അവര്‍ ഏറ്റവും അവസാനം നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. 7000 രൂപ 10000 ആക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ലെന്നത് നിഷേധാത്മമക സമീപനമാണ്. ഒരു ശതമാനം ആളുകള്‍ മാത്രമെ സമരത്തില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ അബദ്ധധാരണയാണ്. സി.പി.എം ആശ പ്രവര്‍ത്തകരുടെ പിന്തുണ പോലും ഈ സമരത്തിനുണ്ട്. സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. ന്യായമായ അവകാശം കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്ത് നിന്നും വാങ്ങിയെടുക്കുന്നതിനു വേണ്ടി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കും.
വയനാട്ടിലെ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളണം. അതിന് തയാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആ വായ്പകള്‍ എഴുതിത്തള്ളണം. വീടുകള്‍ പോലും ഇല്ലാത്തവര്‍ എങ്ങനെ വായ്പ അടച്ചുതീര്‍ക്കും. കേന്ദ്രം തയാറായില്ലെങ്കില്‍ എണ്ണൂറോളം കോടി രൂപ സംസ്ഥാനത്തിന്റെ കയ്യിലുണ്ടല്ലോ. കേന്ദ്ര തന്നില്ലെങ്കില്‍ കേരളം കൊടുക്കണം.
കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചകളും നടക്കുന്നില്ല. കേരളത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുനസംഘടന വേണമെങ്കില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. എ.ഐ.സി.സി സെഷന്റെ ഭാഗമായി എല്ലാ സംസ്ഥാനത്തും നടക്കുന്നതു പോലുള്ള പുനസംഘടനകള്‍ കേരളത്തിലും ഉണ്ടാകും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമാണ്. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകള്‍ പോലും നിലമ്പൂരിലും ഉജ്ജ്വ വിജയമുണ്ടാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇപ്പോള്‍ ചാനലുകള്‍ ഓരോ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയാണ്. അതെങ്കിലും തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തരണം. ചില ചാനലുകള്‍ രാവിലെ ഓരാളെ തീരുമാനിക്കും വൈകുന്നേരം ആകുമ്പോള്‍ മറ്റൊരാളുടെ പേര് പറയും. ചാനലുകള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്ക് ജോലി ഇല്ലാതാകും. പ്രത്യേക സാഹചര്യത്തിലാണ് നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെട്ടത്. ആ പ്രതികൂല സഹാചര്യങ്ങളൊക്കെ മാറി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരായാലും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്.
കരുവന്നൂരില്‍ ഇ.ഡി അന്വേഷിക്കാന്‍ പോയിട്ട് കുറേക്കാലമായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഇ.ഡി പിടിമുറുക്കിയെന്ന വാര്‍ത്ത വന്നിരുന്നു. അത് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം പിടി മുറുക്കിയതാണ്. ഇവര്‍ തന്നില്‍ എന്തെങ്കിലും ധാരണയാണോ? കുഴല്‍പ്പണ കേസ് മുന്‍നിര്‍ത്തി മറ്റു കേന്ദ്ര അന്വേഷണങ്ങളിലും ധാരണയില്‍ എത്തിയിരിക്കുകയാണ്.
മൂന്നു ലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സി.പി.എം ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. ഇത് പ്രചരിപ്പിച്ച സി.പി.എമ്മുകാര്‍ക്ക് മൂന്നു ലക്ഷം രൂപയുടെ ഷൂ അയ്യായിരം രൂപയ്ക്ക് തന്നേയ്ക്കാം. ഇന്ത്യയില്‍ ആ ഷൂവിന് ഒന്‍പതിനായിരം രൂപയെ വിലയുള്ളൂ. പുറത്ത് അതിനേക്കാള്‍ കുറവാണ്. വേണമെങ്കില്‍ ഒരു ആയിരം രൂപ കൂടി കുറച്ചു തന്നേക്കാം. എന്നാലും എനിക്ക് ലാഭമാണ്.
ശരിയായ കാര്യം എന്ന നിലയിലാണ് പാതിവില തട്ടിപ്പില്‍ പലരും പെട്ടത്. ഒരുപാട് ബി.ജെ.പി നേതാക്കളുമുണ്ട്. ഇടുക്കി എം.പിക്ക് നോട്ടീസ് നല്‍കിയവര്‍ ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കിയില്ലല്ലോ. തട്ടിപ്പുകാരെയാണ് പിടിക്കേണ്ടത്. സദുദ്ദേശ്യത്തോടെ ജനങ്ങള്‍ക്ക് പാതി വിലയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ ഇടപെട്ടവര്‍ എങ്ങനെയാണ് പ്രതികളാകുന്നത്. അതിനെ നിയമപരമായി നേരിടും.
തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ട് ദുരൂഹമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. പൊലീസ് അത് അന്വേഷിച്ച് അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. നടന്നിട്ടുണ്ടെങ്കില്‍ കേരളത്തിന് അപമാനമാണ്. ഗൗരവതരമായ അന്വേഷണം നടക്കുന്നില്ല. എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ ഇടയായതെന്ന് അന്വേഷിക്കണം.