കൊച്ചി: അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുന്ന കേന്ദ്ര സർക്കാരിന്റെയും വിവിധ സേനകളുടെയും നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും വലിയ അക്കൗണ്ടിംഗ് സംഘടനയായ ഐസിഎഐ. അധികൃതർ നിർദേശിക്കുന്നതനുസസരിച്ച് സംഘർഷ മേഖലയിലെ സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തയ്യാറാണെന്ന് ഐസിഎഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യ- പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളോട് ചേർന്ന് 13 ശാഖകളാണ് ഐസിഎഐയ്ക്കുള്ളത്. ജീവനക്കാരെയും മറ്റ് അംഗങ്ങളെയും ഏകോപിപ്പിച്ചു സംഘർഷ മേഖലകളിൽ അവശ്യ മരുന്നുകളും മറ്റു അടിയന്തര സേവനങ്ങളും നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുമായും പ്രാദേശിക സമൂഹവുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. മിസൈൽ, ഷെൽ ആക്രമണ ബാധിത പ്രദേശങ്ങളിലെ സാധാരണ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനോടൊപ്പം അവർക്കുവേണ്ട മരുന്നുകൾ, ഭക്ഷണം, ആംബുലൻസ് സേവനം, ഓക്സിജൻ സിലിണ്ടറുകൾ എന്നിവ ഉറപ്പുവരുത്താൻ ഐസിഎഐയ്ക്ക് സാധിക്കും.
അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ഇന്ത്യൻ മണ്ണിൽ സ്ഥാനമില്ലെന്നും ഭീകരവാദികൾക്ക് മാപ്പില്ലെന്നും തെളിയിക്കുന്നതാണ് വിവിധ സേനാവിഭാഗങ്ങൾ ഒന്നിച്ചു പങ്കെടുത്ത ഓപ്പറേഷൻ സിന്ദൂർ എന്ന് ഐസിഎഐ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള അനുയോജ്യമായ ആദരവാണ് ഓപ്പറേഷൻ സിന്ദൂർ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കാവലാളായി നിൽക്കുന്ന ഓരോ സൈനികനേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1971ലെ ഇന്ത്യ- പാക് യുദ്ധസമയത്തും ഐസിഎഐ നിസ്തൂലമായ സേവന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കോവിഡ് മഹാമാരി കാലത്ത്, മാതാപിതാക്കളെ നഷ്ടമായ വിദ്യാർഥികളുടെ പഠന ഫീസുകൾ ഏറ്റെടുത്തും സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയും മാതൃകാപരമായ പ്രവർത്തനം നടത്തിയ പാരമ്പര്യവുമുണ്ട്. രാജ്യത്തെ 177 ശാഖകളിലായി 14ലക്ഷത്തോളം അംഗങ്ങളും വിദ്യാർഥികളുമാണ് ഐസിഎഐയ്ക്കുള്ളത്.
Anu Maria Thomas