കോട്ടയം സ്വദേശി നിധിന്‍ കുരുവിള (36) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Spread the love

ന്യൂയോര്‍ക്ക്: ഏതാനും മാസങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ സ്ഥിരതാമസത്തിനായി എത്തിച്ചേര്‍ന്ന കോട്ടയം സ്വദേശി നിധിന്‍ കുരുവിള (36) പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ അന്തരിച്ചു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കാനാണ് തീരുമാനം. ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

മെറിന്‍ മാത്യു പരേതന്റെ ഭാര്യയും ഇസഹാക്ക് എന്‍. കുരുവിള ഏക പുത്രനുമാണ്.
കോട്ടയം ജില്ലയിലെ കങ്ങഴ മുണ്ടത്താനം ഇരുപത്തഞ്ചില്‍ കുടുംബാംഗമാണ്. ഏബ്രഹാം കുരുവിള, ലത കുരുവിള എന്നിവര്‍ മാതാപിതാക്കളും നീതു കുരുവിള (പുനെ) ഏക സഹോദരിയുമാണ്.

മെയ് മാസം മൂന്നാം വാരത്തില്‍ നാട്ടില്‍ പോയി മാതാപിതാക്കളെ സന്ദര്‍ശിക്കുവാനും. ഏക പുത്രന്റെ മാമ്മോദീസ നടത്തുവാനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുമ്പോഴാണ് നിധിന്റെ അപ്രതീക്ഷിത വേര്‍പാട്. മുണ്ടത്താനം സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയമാണ് മാതൃഇടവക. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലുള്ള വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ആരാധനയില്‍ സംബന്ധിച്ച് വരികയാണ് പരേതനും കുടുംബവും.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദ സമ്പാദനത്തിനുശേഷം മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗം അനുഷ്ഠിച്ച ശേഷമാണ് 2024 ജൂലൈയില്‍ ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. പെട്ടെന്നുണ്ടായ നിധിന്റെ വേര്‍പാട് രണ്ട് കുടുംബങ്ങളെയാണ് അനാഥമാക്കിയത്. കൊച്ചുമകന്റെ മാമ്മോദീസയ്ക്കായി കാത്തിരുന്ന മാതാപിതാക്കള്‍ക്ക് ഏക മകന്റെ വേര്‍പാട് വാര്‍ത്തയാണ് ഇന്ന് മാതൃദിനത്തില്‍ കേള്‍ക്കേണ്ടിവന്നത്.

കോട്ടയം മാന്നാനം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ് ഭാര്യ മെറിന്‍ മാത്യു. മാത്യു ഏബ്രഹാം, അന്നമ്മ മാത്യു (കാനഡ), മേരി മാത്യു (രാജസ്ഥാന്‍), ലിന്റ മാത്യു (ന്യൂയോര്‍ക്ക്) എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്.

പരേതന്റെ ആകസ്മിക വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റിലെ സാമൂഹ്യ സംഘടനകളായ കേരള സമാജം, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍, സ്റ്റാറ്റന്‍ഐലന്റ് സീനിയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ വൈദീക ശ്രേഷ്ഠര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ അനുശോചിച്ചു.

സംസ്‌കാരത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

വാര്‍ത്ത: ബിജു ചെറിയാന്‍ (പി.ആര്‍.ഒ) ന്യൂയോര്‍ക്ക്

Author

Leave a Reply

Your email address will not be published. Required fields are marked *