ലക്ഷ്മണൻ വി,
അടിസ്ഥാന പലിശയായ റിപ്പോ നിരക്ക് പ്രതീക്ഷച്ചതിനേക്കാൾ കൂടുതലായി അര ശതമാനം (.50%) കുറച്ചതും ധന അനുപാതം (സിആർആർ) 100 ബേസിസ് പോയിന്റുകൾ താഴ്ത്തിയതും ബാങ്കിങ് മേഖലയിലെ ഇടപാടുകൾക്ക് ശക്തി പകരും. നിരക്കുകൾ കുറയ്ക്കുകയും വിപണിയിൽ പണലഭ്യത ഉറപ്പാക്കുകയും ചെയ്തുള്ള പണനയ സമിതിയുടെ തീരുമാനം സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കും. പണനയ സമിതി കൈകൊണ്ട നടപടികൾ വായ്പാ വളർച്ചയെ ഏതുതരത്തിൽ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ലക്ഷ്മണൻ വി, ഗ്രൂപ്പ് പ്രസിഡന്റ് & ട്രഷറി മേധാവി (ട്രഷറർ), ഫെഡറൽ ബാങ്ക്.
അടിസ്ഥാന പലിശ നിരക്കായ റിപ്പോ റേറ്റിൽ അര ശതമാനത്തിന്റെ (.50%) കുറവ് വരുത്തിയതും ധന അനുപാതം (സിആർആർ) 3 ശതമാനത്തിലേക്ക് ഘട്ടംഘട്ടമായി താഴ്ത്തുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് മാത്രമല്ല, ബാങ്കുകളുടെ പണലഭ്യത ഗണ്യമായി വർധിക്കുന്നതിനും പര്യാപ്തമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന നിലപാടാണ് റിസർവ് ബാങ്ക് പണനയ സമിതി സ്വീകരിച്ചത്. പണപ്പെരുപ്പം കുറയുന്നതുവരെ നിയന്ത്രണ നടപടികൾ തുടരാനാണ് തീരുമാനം. കയറ്റുമതി ചുങ്കത്തിലുള്ള ആഗോള അനിശ്ചിതത്വം തുടരുന്നതിനാൽ, ആഭ്യന്തര ഉപഭോഗവും ബാങ്കുകളുടെ വായ്പാ വിതരണ ശേഷിയും വർധിപ്പിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
വിനോദ് ഫ്രാൻസിസ്, ജനറൽ മാനേജർ ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ, സൗത്ത് ഇന്ത്യൻ ബാങ്ക്
————————————————————————————————–
അടിസ്ഥാന പലിശ നിരക്കായ റിപ്പോ റേറ്റിൽ അര ശതമാനത്തിന്റെ (.50%) കുറവ് വരുത്തിയതും ബാങ്കുകളുടെ ധന അനുപാതം (സിആർആർ) 3 ശതമാനത്തിലേക്ക് ഘട്ടംഘട്ടമായി താഴ്ത്തുന്നതും വായ്പാ വിതരണത്തിൽ പ്രതിഫലിക്കും. പലിശനിരക്ക് കുറയുന്നത് സാധാരണക്കാരുടെ വായ്പാ ലഭ്യത വർധിപ്പിക്കും അതോടൊപ്പം പണലഭ്യത കൂടുന്നത് ബാങ്കുകളുടെ വായ്പ ശേഷിയെ ഉയർത്തുകയും ചെയുന്നു. വായ്പ പരിധി വർധിക്കുന്നത് ഓവർനൈറ്റ് കോൾ മണി മാർക്കറ്റുകളിൽ ക്രിയാത്മകമായി പ്രതിഫലിക്കും. വിലക്കയറ്റം 3.7 ശതമാനമായി കുറയുമെന്ന പ്രതീക്ഷ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ വാങ്ങൽ ശേഷിയെ കാര്യമായി സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
കെ പോൾ തോമസ്, എംഡി ആൻഡ് സിഇഒ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്
Athulya K R