മലയാളികൾക്ക് സാക്ഷരതയുണ്ട് പക്ഷേ വിദ്യാഭ്യാസമില്ല എന്ന ഗവർണറുടെ പ്രസ്താവന കണ്ടു.
ചുറ്റുമുള്ള സാഹചര്യങ്ങൾ മനസ്സിലാക്കുന്നതാണ് വിദ്യാഭ്യാസം എന്നും അത് കേരളീയർക്ക് കുറവാണ് എന്നും ബഹുമാനപ്പെട്ട ഗവർണർ പറഞ്ഞു.
തിരുവനന്തപുരം: മലയാളികൾക്ക് സാക്ഷരതയുണ്ട് പക്ഷേ വിദ്യാഭ്യാസമില്ല എന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇഡിയുടെ ചുവപ്പുകാർഡ് കാണിച്ചും അഴിമതിക്കാരെ വാഷിംഗ് മെഷീനിൽ അലക്കി വെളുപ്പിച്ചും ബിജെപി അധികാരം പിടിച്ചെടുക്കുന്നതു കണ്ട് മലയാളികൾ മനസ്സിലാക്കി സംഘപരിവാറിന് ഒപ്പം നിൽക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ച വിദ്യാഭാസം എങ്കിൽ ക്ഷമിക്കണം ഗവർണർ ഞങ്ങൾക്ക് അതിൽ കുറച്ചു ഉള്ള വിദ്യാഭ്യാസം മതി.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഒരു മതസംഘടന ഉണ്ടാക്കിയ ഒരു ചിത്രം ദേശീയതയുടെ ഭാഗമായി അംഗീകരിക്കണം എന്നതാണ് താങ്കൾ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസമെങ്കിൽ സോറി സാർ, ഞങ്ങൾക്ക് അതിൽ കുറച്ച് വിദ്യാഭ്യാസം മതി.
ദളിതന് ഒരേ കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ അനുവദിക്കാത്ത, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവനെ തല്ലിക്കൊല്ലുന്ന സംവിധാനം നിലനിൽക്കുന്നതാണ് താങ്കൾ ഉദ്ദേശിച്ച വിദ്യാഭ്യാസമെങ്കിൽ ഞങ്ങൾക്ക് അതിൽ കുറച്ച് വിദ്യാഭ്യാസം മതി.
ഏറ്റവും ദരിദ്രനായ കുട്ടിക്ക് പോലും സൗജന്യമായി വിദ്യാഭ്യാസം ഉറപ്പ് നൽകുന്നതാണ് താങ്കൾ ഉദ്ദേശിച്ച വിദ്യാഭ്യാസ കുറവ് എങ്കിൽ ഞങ്ങൾ അതിൽ സംതൃപ്തരാണ്.
ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയ കലാപം ഉണ്ടാക്കാത്തതാണ് കേരളത്തിൻറെ വിദ്യാഭ്യാസ കുറവ് എങ്കിൽ ഞങ്ങൾ അതിൽ അഭിമാനിക്കുന്നു.
അദാനിക്കും അംബാനിക്കും മുന്നിൽ മുട്ടുമടക്കാത്തതാണ് കേരളത്തിൻറെ വിദ്യാഭ്യാസക്കുറവ് എങ്കിൽ ഞങ്ങൾ അതിൽ സന്തുഷ്ടരാണ്.
പാവപ്പെട്ടവനും പണക്കാരനും ദളിതനും ആദിവാസിയും സവർണ്ണനും ഒരേ മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെ പോരായ്മ എങ്കിൽ ഞങ്ങൾ അത് ആഘോഷിക്കുന്നു – രമേശ് ചെന്നിത്തല വ്യക്തമാക്കി.