കോഴിക്കോട് നഗരത്തോടു ചേർന്ന രാമനാട്ടുകര നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനവും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതും എൽ ഡി എഫ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. വികസനത്തിൻ്റെ ഗുണഫലം താഴേത്തട്ടിലേയ്ക്ക് എത്തിക്കുന്നതിനും ജനാധിപത്യപ്രക്രിയയിൽ ജനപങ്കാളിത്തം കൂടുതൽ ശാക്തീകരിക്കുന്നതിനും ഇത് അനിവാര്യമാണ്. ഈ ദിശയിൽ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നഗരസഭ ആസ്ഥാന മന്ദിരവും നിർമ്മിച്ചത് 18 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. അതിൽ 15.44 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. നാടിൻ്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും പ്രതിജ്ഞാബദ്ധതയോടെയും നിശ്ചയദാർഢ്യത്തോടെയും സർക്കാർ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വളർച്ച അതിനു അടിവരയിടുന്നു.