ഓര്‍മ്മയിലെ ഓണം (കവിത) ബാലകൃഷ്ണന്‍ ആണ്ട്രപള്ളിയാല്‍

ഓര്‍മ്മയിലെ ഓണം

(കവിത)

ബാലകൃഷ്ണന്‍ ആണ്ട്രപള്ളിയാല്‍
**********************

പാണന്റെ പാട്ടുമായോടിയെത്തീടുന്നു
പ്രാണലിന്‍ മറ്റൊരു പൂക്കാലവും തിരു-
വോണവും മാവേലിത്തമ്പുരാന്‍ പ്രൗഢനായ്
വാണിരൊന്നോരെന്റെ കേരനാടും
അത്തം മുതല്‍ക്കിത്ര ദൂരത്തിരുന്നു ഞാന്‍
പത്തു നാള്‍ പലവര്‍ണ്ണ പുഷ്പങ്ങളാല്‍
ചിത്തത്തില്‍ പൂക്കളമെഴുതുമ്പൊഴും നാട്ടി-
ലെത്താന്‍ തുടിക്കുന്നു ഹൃദയമിന്നും.
പലവട്ടമോര്‍മ്മയില്‍ തെളിയുന്നിതാ ചിത്ര-
ശലഭങ്ങളൊത്തു ഞാന്‍ പൂക്കള്‍ പറിച്ചതും
ചിലുചിലെക്കുരുവിയ്ക്കു കൂട്ടിനായ് മൂളിയും
അലസമായുണരുമീയരുണകിരണങ്ങളില്‍
തുമ്പികള്‍ വഴികാട്ടി മുമ്പെ പറന്നിടും
പൊന്‍ കതിര്‍ ചൂടുമീ നെല്‍ വരമ്പില്‍
പുലരികള്‍ക്കെന്നും പുതിയൊരു കുളിര്‍മയീ-
ഗ്രാമ ശൈലികള്‍ക്കന്നേറെ ലളിതമാധുര്യം.
മെഴുകിയ മുറ്റത്തൊരോലക്കുടക്കീഴെ
എഴുന്നെള്ളി നിക്കുന്നു തൃക്കാക്കരപ്പന്‍
അഴകിയ മേനിയില്‍ അരിമാവുമാലകള്‍
പഴയ പ്രതാപത്തില്‍ തുളസിക്കിരീടം
ആട്ടക്കളത്തിന്റെ വട്ടത്തില്‍ നിന്നതും
കൂട്ടുകാരോടൊത്തു പന്തു കളിച്ചതും
ആര്‍പ്പു വിളീച്ചുകൊണ്ടട്ടഹസിച്ചതും
ഓര്‍ത്തു ഞാന്‍ കോരിത്തരിക്കുമിന്നും.
കാത്തു കാത്തെത്തുന്ന കോടിപ്പുടവയും
സ്വാതോര്‍ത്തിരിന്നൊരാ നാക്കിലസ്സദ്യയും
കാതോര്‍ത്തിരിക്കുവാന്‍ ഈരടിപ്പാട്ടുകള്‍
ഓര്‍ത്തോമനിയ്ക്കുവാനീയോണനാളുകള്‍ .
മങ്ങുന്നു മായുന്നു ചിത്രങ്ങളില്‍ പൊടി
മൂടുന്നു മാറാല കെട്ടുന്നതിങ്ങുമിങ്ങും
നഷ്ടബോധത്തോടെ യാത്ര തുടരുമ്പോഴീ-
യിഷ്ടങ്ങള്‍ പലതും വഴിയില്‍ മറന്നോ!
സ്വാന്തനത്തിനായി തീര്‍പ്പു സമാന്തരം
സാഗരം താണ്ടിയീ സീമകള്‍ക്കിപ്പുറം
പുത്തനാം മണ്ണിലീ മാതൃസംസ്കാരത്തിന്‍
വിത്തുകള്‍ പാകി മുളപ്പിച്ചെടുത്തിതാ.
**********************************************
/// ബാലകൃഷ്ണന്‍ ആണ്ട്രപള്ളിയാല്‍ /// യു.എസ്.മലയാളി
**********************************************

Posted

in

, , ,

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *