അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്‌ത അവാർഡ്.

Spread the love

ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ  പ്രശസ്തമായ  ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി ഹെൽത്ത് ഇക്വിറ്റി അവാർഡ് സമ്മാനിക്കുന്നു. മഹാമാരിയുമായി പോരിടുന്ന ഭൂമിയിലെ മാലാഖാമാർ ചില അവസരങ്ങളെങ്കിലും അസമത്വത്തിന്റെയും വ്യവസ്ഥാപരമായ വംശീയതയുടെയും ഇരകളായി തീരുന്നുവെന്ന സത്യം അംഗീകരിച്ചുകൊണ്ട് ആരോഗ്യരംഗത്തു നിലവിലുള്ള അസമത്വം ലഘൂകരിക്കാൻ സഹായിക്കുകയും ചെറുത്തുനില്പിനുതകുകയും ചെയ്യുന്ന സമർത്ഥരായ നഴ്‌സുമാരെ ബഹുമാനിക്കുന്നതിനാണ് ഈ അവാർഡ്.  2021 നവംബർ മാസം  ന്യൂയോർക്കിൽ നടക്കുന്ന  നാഷണൽ  ക്ലിനിക്കൽ എക്സിലെൻസ്‌  കോൺഫ്രറൻസിൽവെച്ച് ഈ  അവാർഡ്  സമ്മാനിക്കുമെന്ന് നൈന അധ്യക്ഷ  ഡോ . ലിഡിയ  അൽബുകർക്കി  പ്രസ്താവിച്ചു.

നൈന – ഡെയ്സി അവാർഡിലൂടെ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി പങ്കാളിത്തം, നയരൂപീകരണക്കാരുമായുള്ള സജീവമായ ഇടപെടൽ എന്നിവയിലൂടെ ആരോഗ്യ തുല്യതയ്ക്കായി സംഭാവന നൽകിയ ഒരു വ്യക്തിഗത നഴ്സിനെയും ഒരു സംസ്ഥാന ഇന്ത്യൻ നഴ്സസ് സംഘടനയെയും അംഗീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന്  നൈന അവാർഡ്‌സ്  ആൻഡ് സ്കോളർഷിപ് ചെയർ പേഴ്സൺ  വിദ്യാ കനകരാജ്  അറിയിച്ചു. ആരോഗ്യ തുല്യതയ്ക്ക് ശക്തമായ പിന്തുണ ഉറപ്പാകുന്നതിനോടൊപ്പം ലോകമെമ്പാടുമുള്ള വ്യവസ്ഥാപരമായ വംശീയത ഉൾപ്പെടെ നിലവിലുള്ള എല്ലാ ആരോഗ്യ അസമത്വങ്ങൾക്കും എതിരെ നൈന  ഐക്യദാർഢ്യം  പ്രഖ്യാപിക്കുന്നതായി നൈന ഭാരവാഹികളായ ഡോ. ലിഡിയ അൽബുകർക്കി,  അക്കാമ്മ കല്ലേൽ , ഡോ. ബോബി വർഗീസ് , സുജ തോമസ് , താര ഷാജൻ എന്നിവർ  സംയുക്‌ത പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കൻ ഐക്യ നാടുകളിലെ ഇന്ത്യൻ നഴ്സുമാരെ ഏകോപിപ്പിച്ചു 501 (സി) 3 ന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന). ദേശീയ തലത്തിൽ ഒരു കുടക്കീഴിൽ എല്ലാ ഇന്ത്യൻ നഴ്‌സുമാരെയും നഴ്‌സിംഗ് വിദ്യാർത്ഥികളെയും ഒന്നിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അമേരിക്കയിലുള്ള 50 സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൈതൃകമുള്ള  നഴ്സുമാരുടെ  ഉന്നത വിദ്യാഭ്യാസത്തിനും, വ്യക്തിവികസനത്തിനും, പ്രശനപരിഹാരത്തിനുമുള്ള ആദ്യോദിക ശബ്ദമായി പ്രവർത്തിക്കുന്നതിന്  നൈന എന്നെന്നും പ്രതിജ്ഞാബദ്ധരാണ് . ജെ. പാട്രിക് ബാർനെസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഡെയ്സി  ഫൌണ്ടേഷൻ. അമേരിക്കയിലും, ലോകമെമ്പാടുമുള്ള മികച്ച നേഴ്‌സുമാരെ തിരഞ്ഞെടുത്തു പ്രശസ്‌തിപത്രവും അവാർഡും നൽകുകവഴി ഈ ഭൂമിയിലെ സ്നേഹത്തിന്റെ മാലാഖമാരായ നഴ്സുമാരെ അംഗീകരിക്കുയാണ്  ഡെയ്സി ഫൌണ്ടേഷൻ കഴിഞ്ഞ പല പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്.

കൂടുതൽ വിവരങ്ങൾ http://nainausa.org/ ൽ ലഭ്യമാണ്.

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *