കോവിഡ് 19 : ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍

post

കൊല്ലം : കോവിഡ് രണ്ടാം വ്യാപനത്തെ ചെറുക്കുന്നതിന് ബ്ലോക്ക്പഞ്ചായത്ത് പരിധികളില്‍ കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങി. സി. എഫ. എല്‍. ടി. സികള്‍, ഡോമിസിലറി കെയര്‍ സെന്ററുകള്‍, സ്റ്റെപ്ഡൗണ്‍ സി. എഫ. എല്‍. ടി. സികള്‍ എന്നിവ ഉള്‍പ്പെടുന്നു. സാമൂഹ്യ അടുക്കള, ജാഗ്രതാസമിതികള്‍, സഹായ കേന്ദ്രങ്ങള്‍ എന്നിവയും സജീവം.

വെട്ടിക്കവല ബ്ലോക്കിലെ മൈലം എം. ജി. എം. സ്‌കൂളില്‍ തുടങ്ങിയ പ്രാഥമിക ചികിത്സാകേന്ദ്രം നിയുക്ത എം.എല്‍.എ കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. 130 കിടക്കകളുള്ള ഇവിടെ മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് സ്റ്റാഫ് നഴ്സ് എന്നിവരുണ്ട്.  മുഴുവന്‍സമയ സഹായ കേന്ദ്രവും കോവിഡ് വാര്‍ റൂമും മറ്റു പ്രതിരോധ സംവിധാനങ്ങളും പ്രവര്‍ത്തിച്ചു വരുന്നതായി പ്രസിഡന്റ് ബിന്ദു ജി. നാഥ് അറിയിച്ചു.

കുളക്കടയിലെ ഡി. സി. സി. കലയപുരം സി. എസ്. ഐ മിഷന്‍ ആശുപത്രി കെട്ടിടത്തില്‍ 30 കിടക്കകളുമായി ഉടന്‍ തുടങ്ങും.

പടിഞ്ഞാറേകല്ലടയില്‍ കണത്താറുകുന്നം സഹായികേന്ദ്രത്തില്‍ 30 കിടക്കകളുള്ള ഡി.സി.സി പ്രവര്‍ത്തനമാരംഭിച്ചു എന്ന് പ്രസിഡന്റ് അന്‍സര്‍ ഷാഹി പറഞ്ഞു. ശൂരനാട് തെക്ക് മുഴുവന്‍സമയ കോവിഡ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നു. നിലവിലെ മൂന്ന് കണ്ടയിന്‍മെന്റ് സോണുകളിലായി മുന്നൂറോളം പേര്‍ക്ക് ആര്‍. ടി. പി. സി. ആര്‍ പരിശോധന നടത്തി. ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ എല്ലാ വാര്‍ഡുകളിലും എത്തിച്ചു. ഒരു വാര്‍ഡില്‍ 10 വോളണ്ടിയേഴ്സ് വീതം ഉണ്ട്. കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിച്ചുവരുന്നു എന്ന് പ്രസിഡന്റ് ശ്രീജ പറഞ്ഞു.

കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ ഡോമിസിലറി കെയര്‍ സെന്റര്‍ ടി.കെ.എം. ട്രസ്റ്റ് ഹോസ്റ്റലില്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തില്‍ സ്വന്തമായി 25 ഓക്സിമീറ്ററുകളാണ് ഉള്ളത്.

ആലപ്പാട്, കുലശേഖരപുരം ഗ്രാമപഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ പറഞ്ഞു. തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഓച്ചിറ അമൃത എന്‍ജിനീയറിങ് കോളേജിലെ ശിവം ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സ് സംവിധാനമുണ്ട്.

അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡി. സി. സി. യില്‍ 32 രോഗികളുണ്ട് എന്ന് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രി ഇനി പനി ക്ലിനിക്കായി പ്രവര്‍ത്തിക്കും. ജനകീയ ഹോട്ടല്‍ മുഖേന രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട് എന്ന് പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു.

ചവറ ബ്ലോക്കിലെ സി. എഫ്. എല്‍. ടി. സിയില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി എന്ന് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു.

പത്തനാപുരം ബ്ലോക്ക് പരിധിയിലെ സമൂഹ അടുക്കള വഴി ദിവസവും 200 പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നു. മൂന്ന് ആംബുലന്‍സുകളും രണ്ട് ഓട്ടോ-ടാക്സികളും ലഭ്യമാക്കി. ഓരോ വാര്‍ഡിലും ആറു പേര്‍ വീതം അടങ്ങിയ റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തിക്കുന്നു. എന്ന് പ്രസിഡന്റ് വി. എസ്. കലാദേവി പറഞ്ഞു.

ഇത്തിക്കരയില്‍ ചാത്തന്നൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റെപ്പ് ഡൗണ്‍ സി. എഫ്. എല്‍. ടിസിയില്‍ ആറു പേര്‍ ചികിത്സയിലുണ്ട്.

പുനലൂര്‍ നഗരസഭയില്‍ പ്രത്യേക മെഡിക്കല്‍ സംഘം 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സേവനം 35 വാര്‍ഡുകളിലും ലഭ്യമാക്കും. ഹെല്‍പ്പ് ഡെസ്‌ക്കില്‍ വിളിച്ച് സേവനം ആവശ്യപ്പെടുന്ന മുറയ്ക്ക് വീടുകളില്‍ എത്തി രോഗികളെ പരിശോധിക്കും.

കരുനാഗപ്പള്ളി നഗരസഭയില്‍ രോഗികളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരുടെ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര നഗരസഭാ പരിധിയില്‍ തെരുവില്‍ കഴിയുന്നവരെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധയരാക്കി അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ അധ്യക്ഷന്‍ എ. ഷാജു പറഞ്ഞു. പരവൂര്‍ നഗരസഭയിലെ 70 കിടക്കകളുള്ള ഡി. സി. സി.യില്‍ 19 പേര്‍ ചികിത്സയിലുണ്ട്.

 

Leave Comment