കോവിഡ് വ്യാപനവും കനത്ത മഴയും: ദുരിതം ഇരട്ടിച്ച ജനങ്ങള്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് രമേശ് ചെന്നിത്തല

         

തിരുവനന്തപുരം: രൂക്ഷമായ കോവിഡ് വ്യാപനത്തിനിടയില്‍ കനത്ത മഴ പരക്കെ നാശം വിതയ്ക്കുക കൂടി ചെയ്തതോടെ ദുരിതം ഇരട്ടിച്ച ജനങ്ങളെ കൈയയച്ച് സഹായിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കോവിഡിന്റെ അതി തീവ്രവ്യാപനമാണ് സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമായി ഉയരുന്നു. ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാണ്. മരണ നിരക്ക് ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ഇതിന് പുറമെയാണ് വാക്‌സീന്റെ ദൗര്‍ലഭ്യം. അടിയന്തിരമായി ഇവയ്ക്ക് പരിഹാരം കണ്ടെത്തി ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടതുണ്ട്.
rain-1
ഇതിനിടിയലാണ് കനത്ത  മഴ സംസ്ഥാനത്തുടനീളം നാശം വിതച്ചിരിക്കുന്നത്. താണ പ്രദേശങ്ങള്‍ വെള്ളത്തിനടിയലാണ്. കൃഷിയും വന്‍ തോതില്‍ നശിച്ചു. രൂക്ഷമായ കടലാക്രമണമാണ് സംസ്ഥാനത്ത് പല ഭാഗത്തും അനുഭവപ്പെടുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി സഹായം എത്തിക്കണം. വെള്ളത്തിടനടിയിലായ പ്രദേശത്തുള്ളവരെയും പ്രകൃതി ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും  മാറ്റി പാര്‍പ്പിക്കണം. കടലാക്രമണം രൂക്ഷമായ തീരപ്രദേശങ്ങളില്‍ ജനങ്ങള്‍ പട്ടിണിയിലാകാതിരിക്കാനുള്ള അടിയന്തിര സാഹായം എത്തിക്കണം. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ അത് തടയുന്നതിന് കടല്‍ ഭിത്തിയോ പുലി മുട്ടോ നിര്‍മ്മിക്കാനുള്ള നടപടികളും സ്വീകരിക്കണം.

സാമ്പത്തിക ബുദ്ധിമുട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് വ്യാപനവും അതിവര്‍ഷവും കാരണം ദുരിതത്തിലായ സാധാരണ ജനങ്ങളെ സഹായിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

Leave Comment