ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനവും

Spread the love

ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനങ്ങൾ കൂടി ഉൾപെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും കൂടിയാണ് ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനവും ഉൾപ്പെടുത്തിയത്. എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളോടും സേവനം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാനാകും. ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ കൂടി ആരംഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപതു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും ഈ ഒ.പി.കൾ പ്രവർത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജുകളിലെ വിവിധ സ്‌പെഷ്യാലിറ്റികളിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ തുടങ്ങിയവരുടെ സേവനമാണ് ഇ സഞ്ജീവനിയിലൂടെ നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം രണ്ട് മെഡിക്കൽ കോളേജുകൾ എന്ന നിലയിൽ സേവനം നിർവഹിക്കും. അതത് വിഭാഗത്തിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ എന്നിവരാണ് സ്‌പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്. നോൺ ക്ലിനിക്കൽ പി.ജി. ഡോക്ടർമാരേയും സീനിയർ റസിഡന്റുമാരേയും ഉൾപ്പെടുത്തി ജനറൽ ഒ.പി., കോവിഡ് ഒ.പി. എന്നിവയും വിപുലീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രയൽ റൺ നടത്തിയാണ് സേവനങ്ങൾ പൂർണസജ്ജമാക്കുന്നത്.

കോവിഡ് കാലത്ത് ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. ത്വഗ് രോഗം, ഇ.എൻ.ടി., ഒഫ്ത്താൽമോളജി, ഓർത്തോപീഡിക്‌സ് തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം വൈകുന്നേരം 5 മണിവരെ ദീർഘിപ്പിച്ചിട്ടുണ്ട്. ടോക്കൺ എടുക്കുന്ന എല്ലാവർക്കും ചികിത്സ നൽകാനാണ് തീരുമാനം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള രോഗികളെ ടെലി മെഡിസിനിലൂടെ ചികിത്സിക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ഏറെ ഗുണകരമാണ്.

ആദ്യമായി https://esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *