പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം:  സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വായനദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ചു.

ഗ്രാമത്തിന്റെ വിവിധ ഇടങ്ങളില്‍ പുസ്തക കൂടുകള്‍ സ്ഥാപിച്ചും, പ്രളയകാലത്ത് പഠനവസ്തുക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങള്‍ എഴുതി നല്‍കിയും, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, കര്‍ഷക കൂട്ടായ്മ എന്നിവ സംഘടിപ്പിച്ചും വേറിട്ട പാതയിലൂടെയാണ് ബാപ്പുജി സ്മാരക ഗ്രന്ഥശാല സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് (ജൂണ്‍ 21)വൈകിട്ട് അഞ്ചിന് പെരുംകുളം ബാപ്പുജി സ്മാരക ഗ്രന്ഥശാലയില്‍ പുസ്തകഗ്രാമ പ്രഖ്യാപനത്തിന്റെ പൊതുസമ്മേളനം നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ചടങ്ങില്‍ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഔദ്യോഗിക രേഖ മന്ത്രി കൈമാറും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. കെ മധു വായനാ പക്ഷാചരണ സന്ദേശം നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. ബി മുരളീകൃഷ്ണന്‍ അധ്യക്ഷനാകും. സെക്രട്ടറി ഡി. സുകേശന്‍ സ്വാഗതം പറയും.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. കെ ഗോപന്‍, എസ്.നാസര്‍, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ. സി അനില്‍, സെക്രട്ടറി പി. കെ ജോണ്‍സണ്‍, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ടി ഇന്ദു കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, ഗ്രന്ഥശാല പ്രസിഡന്റ് പെരുങ്കുളം രാജീവ്, സെക്രട്ടറി ഡോ. വിജേഷ്, തുടങ്ങിയവര്‍ പങ്കെടുക്കും.
ഗ്രാമത്തിന്റെ വിവിധ സ്ഥലങ്ങളിലായി ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ 11 പുസ്തക കൂടുകളാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഏഴായിരത്തില്‍ അധികം പുസ്തകങ്ങളുണ്ട് ഈ കൂടുകളില്‍. 2019 ലെ വായനാ ദിനത്തില്‍ കൊട്ടാരക്കരയിലെ തിരഞ്ഞെടുത്ത ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്ക് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വീടുകള്‍തോറും പുസ്തകവും എത്തിച്ചു നല്‍കുന്നുണ്ട്. 2020 ല്‍ എം.ടി.വാസുദേവന്‍ നായര്‍ പെരുംകുളത്തെ പുസ്തകഗ്രാമമായി വിശേഷിപ്പിച്ചിരുന്നു.

തുടര്‍ന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങിന്റെ ഭാഗമായി ഗ്രാമത്തിലെ എല്ലാ പുസ്തക കൂടുകള്‍ക്കും ഹാരാര്‍പ്പണം നടത്തി. സാഹിത്യകാരന്‍ എം.മുകുന്ദനാണ് ഗ്രന്ഥശാലയുടെ രക്ഷാധികാരി. ഗ്രന്ഥശാല പ്രസിഡന്റ് പെരുംകുളം രാജീവ്, സെക്രട്ടറി ഡോ. വിജേഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *