കെ.എം. മാണി അഴിമതി നടത്തിയിട്ടില്ലെന്ന് വിജയരാഘവന്‍

Spread the love
അഴിമതിക്കാരനായ മന്ത്രിക്കെതിരെയാണ് സമരം നടത്തിയതെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്ന് വെട്ടിലായ ഇടതുപക്ഷം നിലപാട് മാറ്റുന്നതായി സൂചന. കെ.എം.മാണി അഴിമതിക്കാരനാണെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാക്കിയൊക്കെ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ അഴിമതിക്കെതിരെയായിരുന്നു സമരമെന്നും കെ.എം. മാണി വ്യക്തിപരമായി അഴിമതി നടത്തിയിട്ടില്ലെന്നും ഇത് വിജിലന്‍സ് കണ്ടെത്തിയതാണെന്നും വിജയരാഘവന്‍ പറഞ്ഞു. അന്നത്തെ ധനമന്ത്രിക്കെതിരായ അഴിമതിയാരോപണത്തിനെതിരായാണ് സമരം നടത്തിയതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
എന്നാല്‍ വിഷയത്തില്‍ കടുത്ത അമര്‍ഷമാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ജോസ് കെ. മാണി യെ കുറ്റപ്പെടുത്തിയാണ് യുഡിഎഫ് നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. അഭിമാനമാണോ അധികാരമാണോ വലുതെന്ന് ജോസ് കെ മാണി തീരുമാനിക്കട്ടെയെന്നാണ് മോന്‍സ് ജോസഫ് പ്രതികരിച്ചത്. ജോസ് കെ. മാണി ഒരു രാഷ്ട്രീയ തീരുമാനമെടുക്കേണ്ട സമയമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.
ഈ വിഷയത്തില്‍ പരസ്യപ്രതികരണം പാടില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസ് കെ. മാണി മാധ്യങ്ങളെ കാണും.
em

Author

Leave a Reply

Your email address will not be published. Required fields are marked *