കഞ്ഞിക്കുഴിയിലും മാരാരിക്കുളത്തും ‘ഈസ് ഓഫ് ലിവിങ്’ സര്‍വ്വേയ്ക്ക് തുടക്കമായി

post

ആലപ്പുഴ : ഗ്രാമീണ കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും പ്രയോജനങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ഈസ് ഓഫ് ലിവിങ് ‘ സര്‍വ്വേയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സര്‍വ്വേ പരിശീലനത്തിനും തുടക്കമായി. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളിലെ സര്‍വ്വേ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ നിര്‍വഹിച്ചു.ഈ മാസം 20ന് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകും

കഴിഞ്ഞ 10 വര്‍ഷമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ പദ്ധതികളിലായി ലഭിച്ച ആനുകൂല്യങ്ങളും അവരുടെ നിലവിലെ ജീവിത അവസ്ഥയും വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവരശേഖരണ പദ്ധതിയാണ് ഈസ് ഓഫ് ലിവിങ് സര്‍വ്വേ. പദ്ധതിയില്‍ ഉള്‍പ്പെട്ട വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതസാഹചര്യം മനസ്സിലാക്കുന്നതിന് 38 ചോദ്യങ്ങള്‍ അടങ്ങിയ വിവരശേഖരണമാണ് സര്‍വേയിലൂടെ നടത്തുന്നത്.

മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. സി. ഷിബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ തിലകന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഞ്ഞിക്കുഴി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave Comment