ഫാ സ്റ്റാന്‍ സ്വാമി: 283 ബ്ലോക്കുകളില്‍ ദീപം തെളിയിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്‌നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് കെപിസിസി  പ്രസിഡന്റ് കെ സുധാകരന്‍ എംപി .
ഫാ സ്റ്റാന്‍ സ്വാമിയെ മരണത്തിലേക്കു നയിച്ച ഭരണകൂട ഭീകരതയ്‌ക്കെതിരേ ‘നീതിയുടെ നിലവിളി’  എന്ന പേരില്‍ 283 ബ്ലോക്കുകളില്‍ കോണ്‍ഗ്രസ്  ദീപം തെളിയിച്ച് നടത്തിയ

പ്രതിഷേധത്തിന്റെ  ഭാഗമായി കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി  ഉദ്ഘാടനം  ചെയ്തു സംസാരിക്കുന്നു അദ്ദേഹം.
പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുള്ള അദ്ദേഹത്തിന് പ്രാഥമിക ചികിത്സ പോലും ഭരണകൂടം നിഷേധിച്ചു. സ്വന്തം ജീവിതം മറന്നു താഴെത്തട്ടിലുള്ള സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണോ അദ്ദേഹം ചെയ്ത ദേശദ്രോഹമെന്നു സുധാകരന്‍ ചോദിച്ചു.ജനാധിപത്യത്തെ അടിച്ചമര്‍ത്തി ഫാസിസത്തിന്റെ കറുത്ത മുഖം പ്രകടിപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് അധികനാള്‍ മുന്നോട്ടുപോകില്ലെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം.സത്യത്തിന്റെ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ലക്ഷദ്വീപിലും ഫാസിസം അഴിഞ്ഞാടുന്നു.
             
ജയിലില്‍ നരകയാതന അനുഭവിച്ച ഫാ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ്.മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളുടെ എക്കാലത്തെയും ഉജ്ജല പ്രതീകമായി  ഫാ. സ്റ്റാന്‍ സ്വാമി സ്മരിക്കപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എയും ഇടുക്കി കുമളിയിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കുട്ടനാട് എടത്വായിലും കെപിസിസി വര്‍ക്കിംഗ്

പ്രസിഡന്റ് ടി സിദ്ധിഖ് കല്‍പ്പറ്റയിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലും, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തിരുവനന്തപുരം പൂന്തുറയിലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാലാഞ്ചിറയിലും ദീപം തെളിക്കലിന് നേതൃത്വം നല്‍കി.

ബ്ലോക്കുകളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് എംപിമാര്‍,എംഎല്‍എമാര്‍,കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave Comment