വ്യവസായികളുടെ പരാതികളില്‍ ഇനി ഉടന്‍ നടപടി’; വിമര്‍ശനങ്ങള്‍ക്കിടെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ മന്ത്രി പി രാജീവ്

കൊച്ചി: സംസ്ഥാനം നിക്ഷേപ സൗഹ്യദമല്ലെന്ന കിറ്റക്‌സ് കമ്ബനിയുടെ വിമര്‍ശനങ്ങള്‍ക്കിടെ വ്യവസായ ലോകത്ത് വകുപ്പിന് നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിയ്ക്കാന്‍ വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. കുസാറ്റില്‍ സംഘടിപ്പിച്ച വ്യവസായ പരാതി പരിഹാര അദാലത്തില്‍ 118 അപേക്ഷകളാണ് ലഭിച്ചത്. നിരവധി പരാതികളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉടനടി പരിഹാരം കണ്ടെത്തി.
പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ് 11-ാം ദിവസം വ്യവസായികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതിപരിഹാര അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പി. രാജീവ് അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് അറിയിച്ച മന്ത്രി കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളില്‍ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും. സര്‍ക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കുന്നത്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥര്‍ വിവിധ ജില്ലകളിലെ വ്യവസായ രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനത്തിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ എഴുപതിനായിരത്തിലധികം എം എസ് എം ഇ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യവസായ സമൂഹവും സര്‍ക്കാരും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്ന് പറഞ്ഞ മന്ത്രി, നാടിനെതിരായ നീക്കങ്ങളെ ഒന്നിച്ച്‌ പ്രതിരോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
കുസാറ്റില്‍ നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ. ഇളങ്കോവന്‍, എ.പി.എം മുഹമ്മദ്‌ ഹനീഷ്, വ്യവസായ വികസന കോര്‍പ്പറേഷന്‍ എം.ഡി എം.ജി രാജമാണിക്യം, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.16ന് തിരുവനന്തപുരത്തും 19ന് കോട്ടയത്തുമാണ് മിറ്റ് ദ മിനിസ്റ്റര്‍ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
em
Leave Comment