വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും

Spread the love

post

മലപ്പുറം : അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ വിപി എസ് റീ ബില്‍ഡ് കേരളയാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പുനര്‍നിര്‍മിച്ചിട്ടുള്ളത്. 2018ലെ പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ന്നപ്പോള്‍ സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങളാണ് വാഴക്കാട് കുടുംബരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. കോവിഡ് 19 ന്റ് പശ്ചാത്തലത്തില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജന്‍ സാച്ചുറേഷന്‍ കുറവുള്ള രോഗികള്‍ക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷന്‍ യൂണിറ്റും പ്രവര്‍ത്തന സജ്ജമാണ്.

ഫാര്‍മസി, പേഷ്യന്റ് വെയിറ്റിങ് ഏരിയ, ക്ലിനിക്കുകള്‍, പ്രീ – ചെക്കപ്പ് റൂമുകള്‍, വിഷന്‍ സെന്റര്‍, ഗര്‍ഭിണികള്‍ക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, എമര്‍ജന്‍സി റൂം, കഫ്റ്റീരിയ, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പ്രായമായവര്‍ക്കായി പ്രത്യേക കാത്തിരിപ്പ് മേഖല, ഔട്ട് പേഷ്യന്റ് മുറികള്‍, പ്രീ – ചെക്കപ്പ് റൂമുകള്‍, ഡെന്റല്‍ ക്ലിനിക്, മിനി ഓപ്പറേഷന്‍ തിയേറ്റര്‍, നഴ്‌സ് സ്റ്റേഷന്‍, ലബോറട്ടറി, സാമ്പിള്‍ കളക്ഷന്‍ ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം നിരീക്ഷണ മുറികള്‍, കോണ്‍ഫന്‍സ് ഹാള്‍, സെര്‍വര്‍ റൂം, പാലിയേറ്റീവ് കെയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, വാക്സിനേഷന്‍ സെന്റര്‍, മെഡിസിന്‍ സ്റ്റോര്‍, വാക് സിന്‍ സ്റ്റോര്‍, മാതൃ-ശിശു മുറി പരിചരണം തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, സ്പോര്‍ട്സ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍, എം എല്‍.എ മാര്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *